District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഇംഗ്ലീഷ് വകുപ്പ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷതവഹിച്ചു. അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, പ്രഫ.ഡോ. ജെ. സനില്‍രാജ്, ഷീന സാറ വിന്നി, റോസലിന് അലക്സ എന്നിവര്‍ നേതൃത്വംനല്കി.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കോണ്നക്റ്റിക്കട്ടിലെ ഡോ. കാത്രിന്‍ മയേഴ്സ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഡോ. പ്രദോഷ്കുമാര്‍ മിശ്ര, യൂനിസെഫ് ചെന്നൈ കോ-ഓർഡിനേറ്റര്‍ ഷിനു ഷോബ വിന്‍സന്റ് എന്നിവര്‍ മുഖ്യപ്രഭാഷണംനടത്തി.
ഇന്ത്യന്‍ പൗരന്മാര്ക്കുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍ സംബന്ധിച്ച പ്രത്യേക ഓണ്‍ലൈന്‍ സെഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
District News
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റില്‍ തുകവകയിരുത്തി നിര്‍മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
കുളത്തിന്റെ വടക്കേഭാഗത്തെ മതിലിനോടുചേര്‍ന്ന് മരങ്ങളും കുറ്റിക്കാടുകളും വൃത്തിയാക്കി. പഴയ, ബലക്ഷയംസംഭവിച്ച മതില്‍ക്കെട്ട് പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്കുവടക്കുഭാഗങ്ങളിലെ മതിലുകള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണവും ഉണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്ലാണ് നിര്‍മാണ പ്രവൃത്തികള്‍.
District News
കൊടുങ്ങല്ലൂർ: സ്കൂട്ടർ അപകടത്തിൽ സ്ഥാനാർഥിക്ക് പരിക്കേറ്റു. എറിയാട് ഗ്രാമപഞ്ചാത്തിലെ അഴീക്കോട് ജെട്ടിവാർഡിൽനിന്നു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഇ.വി. വേണുവിനാണ് അപകടത്തിൽ പരിക്കേറ്റത്.
സ്കൂട്ടറിൽ കൂടെ യാത്രചെയ്തിരുന്ന ഒരു ബന്ധുവിനും പരിക്കേറ്റു. ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മഞ്ഞനപ്പള്ളി പരിസരത്തുവച്ചായിരുന്നു അപകടം.
ഒരുവോട്ടറെ കണ്ടു മടങ്ങുംവഴി റോഡിലെ ഹമ്പിൽ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയായിരുന്നു.
District News
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 53 പോളിംഗ് ബൂത്തുകള്‍ ഗ്രീന്‍ പ്രോട്ടോകോളോടെ ഒരുക്കി. സെന്റ് ജോസഫ്സ് കോളജിനുമുന്നില്‍ ശുചിത്വ മിഷനും നഗരസഭയുംചേര്ന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി പ്രകൃതിസൗഹൃദ സാമഗ്രികളുടെ ഉപയോഗത്തോടെ ഹരിത മാതൃകാ ബൂത്ത് നിര്‍മിച്ചു.
കുരുത്തോല, ഓല മെടഞ്ഞത്, കടലാസ്, കാര്‍ഡ്ബോര്‍ഡ് എന്നിവയില്‍ പോസ്റ്ററുകള്‍ തയാറാക്കിയാണ് മാതൃകാ ബൂത്ത് ഒരുക്കിയത്. നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, ശുചിത്വ മിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന് എന്നിവര്‍ചേര്‍ന്ന് ഹരിത ബൂത്ത് ഉദ്ഘാടനംചെയ്തു. നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിസാര്‍, ഇമ്ന, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനന്തു എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടി നഗരസഭയിലെ 37 ബൂത്തുകളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സജ്ജമാക്കി.
ഇതിന്റെ ഭാഗമായി ഗവ.ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മാതൃകാ ഹരിത ബൂത്ത് സ്ഥാപിച്ചു. പ്രകൃതിസൗഹൃദ വസ്തുക്കളായ ഓല, പനംപട്ട, കുരുത്തോല, പേപ്പർ, മുള എന്നിവ ഉപയോഗിച്ചാണ് ബൂത്ത് നിർമിച്ചിട്ടുള്ളത്. ജൈവ, അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഓല ഉപയോഗിച്ച് നിർമിച്ച പ്രത്യേക വല്ലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി കെ. പ്രമോദ് ഹരിത ബൂത്തിന്റെ ഉദ്ഘാടനംനിർവഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ജോൺ ദേവസ്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഡി. ദിജി, ജോസഫ് തോമസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. ഹരീഷ്, ആർ.ഐ. സുമിത, സിനോമരിയ എന്നിവർ പങ്കെടുത്തു.
ഇരുപതിലധികം പ്രശ്നബാധിത പോളിംഗ്
ബൂത്തുകൾ; സുരക്ഷയ്ക്കായി വനിതാ ബറ്റാലിയൻ
മതിലകം: മതിലകം - കയ്പമംഗലം തീരമേഖലയിൽ ഇരുപതിലധികം പ്രശ്നബാധിത പോളിംഗ് ബൂത്തുകൾ. കനത്ത സുരക്ഷയൊരുക്കി പോലീസ്.
മതിലകം സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം, മതിലകം എന്നീ പഞ്ചായത്തുകളിലെ പത്തോളം ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കുന്നത്. ഇതിൽ എമ്മാട് യുപി സ്കൂൾ, കഴുവിലങ്ങ് സ്കൂൾ, ആമണ്ടൂർ സ്കൂൾ , ആല വാസുദേവസിലാസം യുപി സ്കൂൾ, പടിഞ്ഞാറേ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ് തുടങ്ങിയവ ഉൾപ്പെടുന്നു. കയ്പമംഗലം സ്റ്റേഷന് കീഴിലുള്ള എടത്തിരുത്തി, പെരിഞ്ഞനം, കയ്പമംഗലം എന്നീ പഞ്ചായത്തുകളിലായി പതിനാറ് പ്രശ്നബാധിത പോളിംഗ് ബൂത്തുകളാണുള്ളത്.
ഇതിനുപുറമെ കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു ബൂത്തുകൾ അതീവ പ്രശ്നബാധിത ബൂത്തുകളാണ്. പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂൾ, ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സ്കൂൾ, ചാമക്കാല മാപ്പിള ഗവ. ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയവ പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടുന്നു. ബൂത്തുകളുടെ സുരക്ഷയ്ക്കായി തിരുവനന്തപുരത്തുനിന്നുള്ള വനിതാ ബറ്റാലിയൻ തീരദേശമേഖലയിൽ കഴിഞ്ഞദിവസം എത്തിയിരുന്നു.
പോലീസിനെ കൂടാതെ എക്സൈസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്പെഷൽ പോലീസ് ഓഫീസർമാരും സജീവമായി രംഗത്തുണ്ടാകും. ക്ലസ്റ്റർ പട്രോളിംഗ്, ലോ ആൻഡ് ഓർഡർ പട്രോളിംഗ്, സ്റ്റേഷൻ പട്രോളിംഗ് ഉൾപ്പെടെ പ്രത്യേക പട്രോളിംഗ് വാഹനങ്ങൾ തീരദേശമേഖലയിൽ ഉണ്ടാകുമെന്നു പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: വോട്ടിംഗിനായി പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമായി, ജനവിധിക്കായി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തില്‍. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് തങ്ങളുടെ പെട്ടിയിലേക്കു വീഴിക്കാനുള്ള സ്ഥാനാര്‍ഥികളുടെ നിശബ്ദശ്രമങ്ങളായിരുന്നു ഇന്നലെ.
തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം നടന്നു. ഇരിങ്ങാലക്കുട നഗരസഭയിലെ 43 വാര്‍ഡുകളിലായി 49 ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ സെന്റ് ജോസഫ്സ് കോളജില്‍ നടന്നു.
ഇരിങ്ങാലക്കുട ബ്ലോക്കിനു കീഴിലുള്ള കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പടിയൂര്‍, വെള്ളാങ്കല്ലൂര്‍, വേളൂക്കര, പൂമംഗലം, പുത്തന്‍ചിറ തുടങ്ങിയ അഞ്ചു പഞ്ചായത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നടവരമ്പ് സ്കൂളിലുമാണു വിതരണംചെയ്തത്. പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പോളിംഗ് ഓഫീസര്‍മാര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി.
കയ്പമംഗലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കയ്പമംഗലം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മതിലകം സെന്റ് ജോസഫ്സ് സ്കൂളിൽ നടന്നു. മണ്ഡലത്തിലെ എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലെ 234 ബൂത്തുകളിലേക്കാണ് പോളിംഗ് സാമഗ്രികൾ വിതരണംചെയ്തത്.
വൈകീട്ടോടെ വോട്ടെടുപ്പിനുള്ള ബൂത്തുകൾ സജ്ജമായിരുന്നു.
District News
ഏനാമാവ്: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ പുല്ലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന ഏനാക്കുളം വൃത്തിയാക്കിയ മൂവർ സംഘത്തിന് ജനകീയ കൂട്ടായ്മയുടെ അനുമോദനം.
എനാമാക്കൽ സ്വദേശികളായ തൈക്കാട്ടിൽ ജോസഫ് ആറ്റ്ലി, ലിജോ ചെറുവത്തൂർ, ജോസ് ചെറുവത്തൂർ എന്നിവരാണ് ഒരേക്കർ വിസ്തൃതിയിലുള്ള ഏനാക്കുളം വൃത്തിയാക്കിയത്.
കുളക്കടവിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ റിട്ട. അധ്യാപകനായ കൊച്ചുപോൾ കൊള്ളന്നൂർ അധ്യക്ഷനായിരുന്നു. വെങ്കിടങ്ങ് പഞ്ചായത്ത് പതിനൊ ന്നാം വാർഡിൽനിന്നും മത്സരിക്കുന്ന സ്ഥാനാർഥികളായ സി.എ. ജോൺസൺ, പി.വി. അഭിജിത്ത് എന്നിവരും അഭിനന്ദനങ്ങളുമായി കുളക്കടവിൽ എത്തി.
വാർഡിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്ന പക്ഷം ഏനാക്കുളം പൊതുജന ങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വൃത്തിയായി സംരക്ഷിക്കുന്നതിന് ആവ ശ്യമായ നടപടി സ്വീകരിക്കുമെന്ന് രണ്ടുസ്ഥാനാർഥികളും ഉറപ്പുനൽകി.
കെ.ഡി. ജോയ് , തോമസ് ജോസഫ്, സി.എം. പോൾസൺ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐയുടെ 111-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി അമല സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര് രക്തദാനം ചെയ്തു.
ഗബ്രിയേലച്ചന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ എന്‍ജിനീയര്‍ ആര്.കെ. രവി ഉദ്ഘാടനം നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിപിന്‍, ചിറമ്മല്‍ കുടുംബാംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രക്താര്‍ബുദം ബാധിച്ച കുട്ടികളുടെ ബോണ്‍മാരോ ചികിത്സയ്ക്കായി ചിറമ്മല്‍ കുടുംബാംഗങ്ങള്‍ രണ്ടുലക്ഷം രൂപ സംഭാവന നല്കി.
രക്തദാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ബോധവത്കരണം, ഫ്ലാഷ് മോബ്, ഫാന്‍സി ഡ്രസ് എന്നിവ നടത്തി.
District News
പുതുക്കാട്: റെയില്‍വേ ഗേറ്റിനു സമീപം ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍ വഴിയോ രത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.
പെട്ടിക്കട നടത്തുന്ന പുതുക്കാട് സ്വദേശി ദേവദാസ്, കടയുടെ മുന്പില് നിന്നിരുന്ന ലോട്ടറി കച്ചവടക്കാരനായ വെണ്ടോര്‍ സ്വദേശി കണ്ണന് എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്നിരുന്ന ഹരിപ്പാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളുള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
റെയില്‍വേ ഗേറ്റ് കടന്നുവന്ന കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് കടയുടെ മുന്പില് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇടിച്ചശേഷം കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.
കാര്‍ വരുന്നതുകണ്ട് കടയുടെ മുന്പില് നിന്നിരുന്ന മൂന്നുപേര്‍ ഓടിമാറിയതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
District News
തൃശൂർ: മരോട്ടിച്ചാലിലെ ചുള്ളിക്കാവ് ചിറ അളന്ന് അതിർത്തി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവ്. ചിറയിലെ മണ്ണുംചെളിയും നീക്കി കുടിവെള്ളസ്രോതസ് ആക്കണമെന്നും മണ്ണെടുത്ത് വശങ്ങളിൽ ബണ്ടുകെട്ടി കൃഷിയിടത്തിലേക്കു വെള്ളം കയറുന്നതു തടയണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തരം നൽകിയ ഹർജിയിൽ കെഇആർഐ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധസമിതിയും പുത്തൂർ പഞ്ചായത്തും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചിറ അളന്നുതിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിനോട് ജസ്റ്റീസ് വിജു ഏബ്രഹാം ആവശ്യപ്പെട്ടത്. ചിറയിലെ മണ്ണെടുത്തു ബണ്ടുകെട്ടിയാൽ കൃഷിയിടത്തി ലേക്കു വെള്ളം കയറുന്നതു തടയാം. ആഴം കൂട്ടുന്നതു കുടിവെള്ളപ്രശ്നത്തിനും പരിഹാരമുണ്ടാക്കും. ചിറയുടെ വികസനം ടൂറിസം സാധ്യതകളും വർധിപ്പിക്കും.
കൊച്ചി രാജകുടുംബം കൃഷി ആവശ്യങ്ങൾക്കായാണ് കിരങ്ങാട്ടുമനയുടെ പാട്ടഭൂമിയിൽ ചിറ കെട്ടിയതെന്നും മരോട്ടിച്ചാൽ പ്രദേശത്തെ കർഷകർ മണ്ണും മരവും ഉപയോഗിച്ച് ചിറകെട്ടി ഒന്‍പതടി ഉയരത്തിൽ വെള്ളമുയർത്തി ഇരുകരകളിലൂടെയുമുള്ള കനാലുകളിലൂടെ വെള്ളമെത്തിച്ചു കൃഷിപ്പണികൾ നടത്തുന്നെന്നുമാണ് പുത്തൂർ പഞ്ചായത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
1971ൽ ആണ് പത്തടി ഉയരത്തിൽ കോണ്‍ക്രീറ്റ് ചെക്ക്ഡാം നിർമിച്ചത്. അന്നത്തെ ചെക്ക്ഡാമിന്റെ ഉയരമോ വീതിയോ പഞ്ചായത്ത് ഇതുവരെ മാറ്റിയിട്ടില്ലെന്നും ഇരുകരകളിലും പകുതിയോളം ഉയരത്തിൽ ചെളിയടിഞ്ഞിട്ടുണ്ടെന്നും അടുത്ത വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഇതു നീക്കം ചെയ്യാവുന്നതാണെ ന്നും പഞ്ചായത്ത് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ചിറ അളന്നുതിട്ടപ്പെടുത്തണമെന്നും അടിഞ്ഞുകൂടിയ ചെളി നീക്കണമെന്നുമാണ് കെഇആർഐയും ജലസേചനവകുപ്പും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലും പറയുന്നത്.
District News
അത്താണി: പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്സി ഹോമിലെ അന്തേവാസികളുടെയും അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആൻഡ്രൂസ് താഴത്തിന്റെയും ജന്മദിനം ആഘോഷിച്ചു. ചടങ്ങിന്റെയും ഓപ്പണ്‍ ജിമ്മിന്റെയും ഉദ് ഘാടനം ബിഷപ് നിർവഹിച്ചു. വടക്കാഞ്ചേരി ഫൊറോന വികാ രി ഫാ. വര്‍ഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
മേഴ്സി ഹോം ഡയറക്ടര്‍ ജോണ്സണ് അന്തിക്കാട്ട്, കില അസോസിയേറ്റ് പ്രഫസർ ഡോ. പീ റ്റര്‍ എം.രാജ്, നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരം, ഫാ. അനിഷ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
District News
കോടന്നൂർ ഇടവക
വിശ്വാസപരിശീലന
വാർഷികം
തൃശൂർ: കോടന്നൂർ ഇടവക വിശ്വാസപരിശീലന വാർഷികദിനാഘോഷം തൃശൂർ അതിരൂപത വിശ്വാസ പരിശീലന ഡയറക്ടർ റവ.ഡോ. സൈജോ തൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വികാരി ആന്റണി ആലുക്ക അധ്യക്ഷത വഹിച്ചു.
25 വർഷത്തെ അതിരൂപത സർവീസ് അവാർഡിന് അർഹയായ ഗ്രേസി ആന്റോ, മോഡൽ ടീച്ചർ ബിന്ദു ബാബു എന്നിവരെ ആദരിച്ചു. പുതുക്കിപ്പണിയുന്ന സ്കൂളിലെ ഒരു ക്ലാസ് റൂം സ്പോണ്സർ ചെയ്യുന്നതിനായി കാറ്റിക്കിസം യൂണിറ്റ് സ്വരൂപിച്ച ഫണ്ട് വികാരി, പ്രിൻസിപ്പൽ, പിടിഎ പ്രസിഡന്റ്, സ്കൂൾ ലീഡർ എന്നിവർ ചേർന്ന് സ്കൂൾ പുനർനിർമാണ കമ്മിറ്റി ജനറൽ കണ്‍വീനർ സ്റ്റെയ്നി ചാക്കോയ്ക്കു കൈമാറി.
ആരാധനാമഠം മദർ സുപ്പീരിയർ സിസ്റ്റർ ദീപ തേരേസ്, നടത്തുകൈക്കാരൻ വിക്ടർ മണ്ടുംപാല, പിടിഎ പ്രസിഡന്റ് കെ.വി. റാഫി, സ്കൂൾ ലീഡർ ഗോഡ്വീന സേവ്യർ, പ്രിൻസിപ്പൽ ലോജുമോൻ, ജനറൽ കണ്‍വീനർ അലക്സ് കള്ളിക്കാടൻ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ഡിറ്റി ബിജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ലോഗോസ് സമ്മാനവിതരണം, ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും മറ്റു പ്രതിഭ കളെയും ആദരിക്കൽ, സെയ്ന്റ് ഷോ എന്നിവയും നടന്നു.
കുറ്റൂർ മേരിമാതാ
പള്ളി ഇടവകദിനം
തൃശൂർ: കുറ്റൂർ മേരിമാതാ പള്ളിയിലെ ഇടവകദിനം ആചരിച്ചു. അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ ചടങ്ങുകൾക്കു തുടക്കമായി. പൊതുസമ്മേളനം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോജു പൊറുത്തൂർ അധ്യക്ഷത വഹിച്ചു. പ്രതിനിധിയോഗ സെക്രട്ടറി ബാബു ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മിഷൻ അതിരൂപതയായ ഷംഷാബാദ് അതിരൂപതയ് ക്കു സുവിശേഷവത്കരണത്തിനായി ഒരു ലക്ഷംരൂപയുടെ ചെക്ക് ഫാ. ഫെനിക്സ് തട്ടിൽ വല്ലച്ചിറക്കാരനു കൈമാറി.
പൗരോഹിത്യ-സന്യാസ രജതജൂബിലി ആചരിക്കുന്ന ഫാ. ജോണ്സണ് പന്തപ്പിള്ളിൽ, സിസ്റ്റർ ജൂലിയ എന്നിവരെ ആദരിച്ചു. വിവാഹത്തിന്റെ രജത-സുവർണ ജൂബിലി ആഘോഷിക്കുന്നവരെയും വിവിധ അവാർഡുകൾ നേടിയവരെയും മെമന്റോ നൽകി അനുമോദിച്ചു.
സഹവികാരി ഫാ. ആൽബിൻ ചൂണ്ടൽ, ഫാ. ക്ലീറ്റസ് കിഴക്കൂടൻ, സിസ്റ്റർ ആലീസ്, സിസ്റ്റർ വിജയ് പൗളിൻ, സിജോയ് ലൂയിസ്, നടത്തുകൈക്കാരൻ ജോസഫ് ഇമ്മട്ടി, കണ്‍വീനർ ജോമോൻ കൊള്ളന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
അമലനഗർ: കാൻസർരോഗം ബാധിച്ചു മുടി നഷ്ടമായ 121 പേർക്കു സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളജ് ആശുപത്രി. 39-ാമത് സൗജന്യ വിഗ് വിതരണം പാലക്കാട് രൂപത ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, പാലിയേറ്റീവ് മെഡിസിൻ എച്ച്ഒഡി ഡോ. രാകേഷ് എൽ. ജോൺ, സീന അഗസ്റ്റിൻ, ഡിപ്പാർട്ട്മെന്റ് ഓഫ് വെൽനസ് വിഭാഗം മേധാവി സിസ്റ്റർ ഡോ. നാൻസി, പി.കെ. സെബാസ്റ്റ്യൻ, കേശദാനം - സ്നേഹദാനം പ്രോഗ്രാം കോഓർഡിനേറ്റർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സ്തനാർബുദം ബാധിച്ച 30 രോഗികൾക്കു കൃത്രിമസ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. . കാൻസർ അതിജീവിച്ച ഫ്രാൻസിസ് അസീസി രചിച്ച "കാൻസറും പ്രണയവും ചൂടുള്ള പൊറോട്ടയും' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഇതുവരെ നല്‍കിയത് 2397 വിഗ്
അമലനഗർ: 2397 കാൻസർ രോഗികൾക്കും 700 സ്തനാർബുദ രോഗികൾക്കും സൗജന്യമായി വിഗും നിറ്റഡ് നോക്കേഴ്സും നൽകാനായ നിർവൃതിയിൽ അമല ആശുപത്രി.
ആവശ്യപ്പെട്ട എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ് നൽകാൻ കഴിഞ്ഞതായി ആശുപത്രി ജോയിന്റ് ഡയക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. 520 പുരുഷന്മാർ ഉൾപ്പടെ 22,000 പേർ 30 സെന്റീമീറ്റർ നീളത്തിൽ മുടിദാനം ചെയ്തതാണ് വിഗ് നല്കാൻ സഹായകമായത്.
അമല ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അമല ആശുപത്രിക്കു പുറമേയുള്ള രോഗികൾക്കും വിഗ് നല്‍കുന്നത്. അമല നഴ്സിംഗ് കോളജിലെ വിദ്യാർഥികളും ആശുപത്രിയിലെ ജീവനക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 23 പേരും 30 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചുനൽകി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കേശദാനക്യാമ്പ് നടത്തിയ 18 സ്ഥാപനങ്ങളെയും കേശദാനം നടത്തിയവരെയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
District News
തൃശൂർ: വിടപറഞ്ഞിട്ട് ഏഴുവർഷമായെങ്കിലും അസാന്നിധ്യത്തിലും പാർട്ടിയിലെ സാന്നിധ്യമായി സി.എൻ. മാറിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.എൻ. ബാലകൃഷ്ണന്റെ ഏഴാം ചരമവാർഷികാത്തോടനുബന്ധിച്ച നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കളായ ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റീൻ, സി.ബി. ഗീത, കെ.കെ. ബാബു, അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.ബി. ജയറാം, എം.എസ്. ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, എം.എൽ. ബേബി, ശോഭ സുബിൻ, കെ.പി. രാധാകൃഷ്ണൻ, ഫ്രാൻസിസ് ചാലിശേരി എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങൾക്കായി തൃശൂർ സിറ്റി ജില്ലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ച് പോലീസ്. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്.
ആകെയുള്ള 1648 ബൂത്തുകളിലേക്കായി 20 അസിസ്റ്റന്റ് കമ്മീഷണർമാർ, 36 പോലീസ് ഇൻസ്പെക്ടർമാർ, 277 എസ്ഐമാർ, 1621 സീനിയർ സിപിഒമാർ, സിപിഒമാർ എന്നിവരെക്കൂടാതെ 680 സ്പെഷൽ പോലീസ് ഓഫീസർമാരുമുണ്ട്.
എളുപ്പത്തിൽ സുരക്ഷയൊരുക്കാൻ സിറ്റി ജില്ലയെ ആറു താത്കാലിക ഇലക്ഷൻ സബ് ഡിവിഷനുകളായി വിഭജിച്ച് അസിസ്റ്റന്റ് കമ്മീഷണർമാർ ചുമതല ഏറ്റെടുക്കും.
ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷനുകൾ ചാവക്കാട് ഇലക്ഷൻ സബ് ഡിവിഷന്റെ കീഴിൽ ഉൾപ്പെടുത്തി ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ പ്രേമാനന്ദകൃഷ്ണൻ ചുമതല ഏറ്റെടുക്കും. വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളെ വടക്കാഞ്ചേരി ഇലക്ഷൻ സബ് ഡിവിഷനിൽ ഉൾപ്പെടുത്തി നാർക്കോട്ടിക് സെൽ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ പി. ബാബു ഡേവിസിനാണു ചുമതല.
കുന്നംകുളം, എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി കുന്നംകുളം ഇലക്ഷൻ സബ് ഡിവിഷനിൽ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ്, തൃശൂർ, ഒല്ലൂർ സബ് ഡിവിഷനുകളിലെ ചുമതല തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ കെ.ജി. സുരേഷ്, ഒല്ലൂർ സബ് ഡിവിഷൻ ചുമതല അസിസ്റ്റന്റ് കമ്മീഷണർ എസ്.പി. സുധീരൻ, ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി പോലീസ് സ്റ്റേഷനുകളെ ഗുരുവായൂർ ഇലക്ഷൻ സബ് ഡിവിഷനിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ്. സലീഷ് എന്നിവരും ചുമതല വഹിക്കും.
പ്രശ്നബാധിത ബൂത്തുകളിലും അതീവജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിലും പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗും ആരംഭിച്ചു. ക്രമസമാധാനനില അവലോകനം ചെയ്യാൻ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും അതീവസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
District News
തൃശൂരിൽ ഫലം പ്രവചനാതീതം;
ജയം അവകാശപ്പെട്ട് മുന്നണികൾ
ഷൈനി ജോണ്‍
തൃശൂർ: രാഷ്ട്രീയത്തിനൊപ്പം വ്യക്തിപരമായ സ്വാധീനവും വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നതിനാൽ തൃശൂരിന്റെ ട്രെൻഡ് എന്തെന്നതു പ്രവചനാതീതം. ഇന്നു രാവിലെ ഏഴുമുതൽ ജനം വിധി രേഖപ്പെടുത്തും. പ്രചാരണസമയത്തും കൊട്ടിക്കലാശത്തിലും ശക്തി തെളിയിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തുന്പോൾ പാർട്ടി മറക്കുന്നവർ തൃശൂർ ആരെടുക്കുമെന്നു തീരുമാനിക്കും. ഇതാണ് തൃശൂരിലെ ജനവിധിയുടെ അനിശ്ചിതത്വം. ഏതു വലിയ കൊന്പനെയും മുട്ടുകുത്തിക്കാൻ കെൽപ്പുള്ള വോട്ടർമാരെവച്ചുള്ള കണക്കുകൂട്ടലുകൾക്കു മുന്നണികൾക്കും ഭയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി സുരേഷ് ഗോപിയുടെ വിജയമാണ് ഒടുവിലത്തെ ഉദാഹരണം.
ഈ തെരഞ്ഞെടുപ്പും കൈവിട്ടാൽ പരുങ്ങലിലാകുമെന്ന പൂർണബോധ്യത്തിലായിരുന്നു യുഡിഎഫിന്റെ തയാറെടുപ്പുകൾ. ജില്ല കൈവിട്ടതാണ് സംസ്ഥാന ഭരണംതന്നെ കൈവിടാൻ കാരണമെന്ന ബോധ്യവുമുണ്ട്. മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കരയെത്തന്നെ പഞ്ചായത്തിലേക്കു മത്സരിക്കാൻ ഇറക്കിയത് രാഷ്ട്രീയതന്ത്രം.
കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിൽ അഞ്ചു സീറ്റ് മാത്രമാണ് നേടിയതെങ്കിലും കോർപറേഷനിൽ എൽഡിഎഫ്- യുഡി എഫ് ഒപ്പത്തിനൊപ്പം ആയിരുന്നു. എങ്കിലും, സ്വതന്ത്രനെ മേയറാക്കി എൽഡിഎഫ് അധികാരം പിടിച്ചു. ഇക്കുറി വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും പ്രധാന മൂന്നു സീറ്റുകളിൽ വിമതരുണ്ട്. എൽഡിഎഫിനൊപ്പം സഹകരണ ബാങ്ക് അഴിമതികളുടെ കറയുമുണ്ട്.
വികസനവും ക്ഷേമപെൻഷനും വോട്ടുകളാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആധിപത്യം പുലർത്താൻ കഴിഞ്ഞെന്ന ആത്മവിശ്വാസമുണ്ട്. യുഡിഎഫിനു ലോക്സഭാ തെര ഞ്ഞെടുപ്പുവിജയം മാത്രമാണുള്ളത്.
നിയമസഭയിൽ 14ൽ 13 മണ്ഡലങ്ങളും രണ്ടു ടേമുകളായി ജില്ലാ പഞ്ചായത്തും കോർപറേഷനും ഏഴ് നഗരസഭകളിൽ അഞ്ചെണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണവും 86 പഞ്ചായത്തുകളിൽ 69 എണ്ണവും എൽഡിഎഫ് നേടി. കരുവന്നൂർ ഉൾപ്പെടെയുള്ള സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതിവിവാദങ്ങൾ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ്, ബിജെപി മുന്നണികളുടെ കണക്കുകൂട്ടൽ.
കേരളത്തിൽ ആദ്യമായി ഒരു ലോക്സഭാ എംപി എന്ന നേട്ടം തൃശൂരിൽനിന്നു സ്വന്തമാക്കിയ ബിജെപി തദ്ദേശതെരഞ്ഞെടുപ്പിലും അട്ടിമറി പ്രതീക്ഷിക്കുന്നു. കോർപറേഷനിലെ ഏതാനും വാർഡുകളിലും അവിണിശേരി പഞ്ചായത്തിലും ഒതുങ്ങിയ ബിജെപി, സുരേഷ് ഗോപിയുടെ വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തോടെ മത്സരത്തിലും ഉഷാറായി.
തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും മിന്നുംതാരവുമായ ഖുശ്ബുവിനെ പ്രചാരണത്തിനിറക്കിയാണ് മഹിളാമോർച്ച വോട്ടർമാരെ സ്വാധീനിക്കാനുള്ള നയമെടുത്തത്. തദ്ദേശമത്സരത്തിലും തൃശൂർ കോർപറേഷൻ പിടിച്ചെടുക്കുമെന്നു നേതാക്കളും പ്രതീക്ഷിക്കുന്നു. ഒരു സീറ്റ് വ്യത്യാസത്തിലാണ് കഴിഞ്ഞതവണ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ തൃശൂർ കോർപറേഷനുപുറമേ കൊടുങ്ങല്ലൂരും നേടുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു.
ഇന്നു പോളിംഗ് ബൂത്തുകളിലേക്കെത്തുന്ന വോട്ടർമാർ ഇഴകീറി വിലയിരുത്തിയായിരിക്കും വോട്ട് കുത്തുക എന്നതിനാൽ ആരു ജില്ല പിടിച്ചെടുക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയനിരീക്ഷകർ.
എൽഡിഎഫിന് 27 സീറ്റുവരെ:
കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: ജില്ലാ പഞ്ചായത്തിൽ 30ൽ 27 സീറ്റുവരെ എൽഡിഎഫിനു കിട്ടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കോർപറേഷനിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കും.
മുനിസിപ്പാലിറ്റികളിൽ ഏഴിൽ അഞ്ചിടത്ത് എൽഡിഎഫാണ്. ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മികച്ച മുന്നേറ്റമുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്തിൽ 16 ൽ 13 ആണ് നിലവിൽ എൽഡിഎഫ്. അത് 14 ആക്കി വർധിപ്പിക്കും. ഗ്രാമപഞ്ചായത്തുകളിലും നില മെച്ചപ്പെടുത്തും. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ എൽഡിഎഫിനാണ് മേധാവിത്വം. വോട്ടെടുപ്പിന്റെ തലേന്നുവരെ മറികടക്കാൻ യുഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. നിശബ്ദപ്രചാരണവും പ്രതീക്ഷയോടെയാണ് സമാപിച്ചത്.
ജനങ്ങൾക്ക് ആവശ്യമായ പെൻഷനും ആനുകൂല്യങ്ങളും കുടിശികയില്ലാതെ നൽകിയതും വികസന പ്രവർത്തനങ്ങളും ഭരണവിരുദ്ധവികാരത്തിന് ഇടയില്ലാതെയാക്കി. ഭരണത്തുടർച്ച തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ യുഡിഎഫ്
തരംഗം: ജോസഫ് ടാജറ്റ്
തൃശൂർ: യുഡിഎഫിന് ഒരു കാരണവശാലും വിജയം കൈവിട്ടുപോകില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വൻഭൂരിപക്ഷത്തിൽ കോർപറേഷൻ ഭരിക്കും. ഭൂരിഭാഗം പഞ്ചായത്തുകളിലും വലിയ മുന്നേറ്റമുണ്ടാക്കി. വോട്ടർമാർ സർക്കാരിനെതിരേയാണ്. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ട്. തിരിച്ചടിക്കു സാധ്യതയില്ല.
പഞ്ചായത്തുകൾ സിപിഎമ്മിന്റെ പ്രചാരണപ്രവൃത്തികളുടെ മാർഗമാക്കി മാറ്റുകയാണുണ്ടായത്. ശബരിമലക്കേസിൽ വിശ്വാസികൾക്കേറ്റ കനത്ത മുറിവ് വോട്ടിൽ പ്രതിഫലിക്കും. വിലക്കയറ്റം, മാഫിയ പ്രവർത്തനങ്ങൾ എന്നിവ എൽഡിഎഫിനെതിരാകും. ത്രിതല പഞ്ചായത്ത് സംവിധാനമാകെ വികേന്ദ്രീകരണം എന്ന രീതിയിലാക്കി. ലൈഫ് പദ്ധതി, കിഫ്ബി ഇതൊക്കെ ഉദാഹരണമാണ്. യുഡിഎഫിന് ഐക്യത്തോടെ മുന്നോട്ടുപോകാൻ കഴിഞ്ഞു. സ്ഥാനാർഥിനിർണയം താഴേത്തട്ടിൽ നടപ്പാക്കി. വോട്ടർമാർക്കു താത്പര്യമുള്ള സ്ഥാനാർഥികളെ നിർത്തിയതും വിജയപ്രതീക്ഷയാണ്.
ഭരണവിരുദ്ധത എൻഡിഎയ്ക്ക്
അനുകൂലം: ജസ്റ്റിൻ ജേക്കബ്
തൃശൂർ: അവിണിശേരി പഞ്ചായത്തിനുപുറമേ കൂടുതൽ പഞ്ചായത്തുകൾ പിടിച്ചെടുക്കുമെന്ന് എൻഡിഎ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. കേന്ദ്രത്തിൽനിന്നു കൂടുതൽ പദ്ധതികളും വികസനവുമെത്തണമെങ്കിൽ എൻഡിഎ വരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി എന്ന നിലയിൽ നടപ്പിലാക്കിയ വികസനങ്ങൾ എൻഡിഎയെ ജനകീയമാക്കും. കേന്ദ്ര ആനുകൂല്യങ്ങൾ ലഭിച്ച സ്ത്രീകളുടെ വോട്ട് അനുകൂലമാകും.
ശക്തൻ മാർക്കറ്റിനായും ജില്ലാ ജനറൽ ആശുപത്രിക്കായും സുരേഷ് ഗോപി വകയിരുത്തിയ കേന്ദ്ര ഫണ്ട് തദ്ദേശഭരണകൂടം വേണ്ടവിധം വിനേിയാഗിക്കാതെ പാഴാക്കിയതിനെതിരേ ജനം വോട്ടുചെയ്യും.
District News
പാലക്കാട്: പാർട്ടി ഏതായാലും സ്ഥാനാർഥി ആരായാലും വോട്ട് സാമൂഹ്യ നൻമയ്ക്കാവണമെന്നും സംശുദ്ധരായ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് സൗഹൃദം ദേശീയ വേദി. എല്ലാവരും അവരുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും എല്ലാ വോട്ടർമാരോടും ജില്ലാകമ്മിറ്റി യോഗം അഭ്യർഥിച്ചു.
എസ്ഐആർ ഉം ബിഎൽഒ മാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കും ജീവനക്കാർക്കുമുള്ള പ്രശ്നങ്ങൾ സന്പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊടുന്പ് സൗഹൃദ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. എസ്. ശെന്തിൽ കുമാർ, വി. സുഭാഷ്, എം. ബാബു, ജി. ശശികുമാർ, സതീഷ് അണ്ണാമലൈ, എം. നടരാജൻ എന്നിവർ പ്രസംഗിച്ചു. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ യോഗത്തിൽ അനുസ്മരിച്ചു.
അട്ടപ്പാടിയിൽ ഡ്യൂട്ടിക്കിടയിൽ കാട്ടാന ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം വസ്തുനിഷ്ഠമായി വിലയിരുത്തി വനപാലകർക്ക് ജോലിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
District News
കോയന്പത്തൂർ: മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിൽ പ്രത്യേക മൗണ്ടൻ ട്രെയിനുകൾ 25 മുതൽ സർവീസ് തുടങ്ങും.
ക്രിസ്മസ്, പുതുവത്സരം, പൊങ്കൽ അവധിദിനങ്ങൾ പ്രമാണിച്ചാണ് 25 മുതൽ ജനുവരി 26 വരെ മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുക.
കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്തിൽ നിന്ന് നീലഗിരി ജില്ലയിലെ ഊട്ടിയിലേക്ക് എല്ലാ ദിവസവും രാവിലെ 7.10ന് ഒരു ട്രെയിൻ ഓടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. 25, 27, 29, 31 തീയതികളിലും ജനുവരി 2, 4, 15, 17, 23, 25 തീയതികളിലും രാവിലെ 9.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.25 ന് ഊട്ടിയിൽ എത്തിച്ചേരും.
26, 28, 30, ജനുവരി 1, 3, 5, 16, 18, 24, 26 തീയതികളിൽ ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് സർവീസ് നടത്തും. രാവിലെ 11. 25 ന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.20 ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും.
District News
ഭിന്നശേഷിക്കാർ ക്യൂ നിൽക്കേണ്ടതില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർ, രോഗബാധിതർ, പ്രായമായവർ തുടങ്ങിയ പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന ലഭിക്കും. ഈ വിഭാഗക്കാർക്ക് ക്യൂവിൽ കാത്തുനിൽക്കാതെ പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടൻ മടങ്ങാൻ സൗകര്യമുണ്ടാകും. കാഴ്ചപരിമിതർ, അംഗപരിമിതർ, ഗുരുതര രോഗങ്ങളുള്ളവർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക.
അവശരായ വോട്ടർമാർക്കും കാഴ്ചപരിമിതിയുള്ളവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. എന്നാൽ ഇതിനായി നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പൂർണമായും പാലിക്കണം. പോളിംഗ് ബൂത്തുകളിൽ വൈദ്യുതി, ശുദ്ധജലം, ഫർണീച്ചർ, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. കൂടാതെ, വോട്ട് ചെയ്യാനായി പുറത്ത് ക്യൂവിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമെങ്കിൽ വിശ്രമിക്കുന്നതിനായി പോളിംഗ് ബൂത്തിന് സമീപം പ്രത്യേക മുറിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദപരമായിരിക്കും. ഹരിതചട്ടം കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ശാരീരിക അവശത ഉള്ളവർക്ക്
സഹായിയെ അനുവദിക്കും
തദ്ദേശ തെരഞ്ഞെടുപ്പിൽ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകർക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിംഗ് കന്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമർത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയെ അനുവദിക്കൂ.
വോട്ട് ചെയ്യുന്പോൾ വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതുകയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. സ്ഥാനാർഥികളെയും പോളിംഗ് ഏജന്റുമാരെയും സഹായികളാകാൻ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാക്കാനും അനുവദിക്കില്ല.
മാർഗനിർദേശങ്ങൾ പാലിച്ച്
ബൂത്തുകൾ സ്ഥാപിക്കണം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനു സമീപം സ്ഥാനാർഥികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
ഗ്രാമപഞ്ചായത്തിൽ ബൂത്തുകൾ സ്ഥാപിക്കുന്പോൾ പോളിംഗ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലവും, നഗരസഭയിൽ 100 മീറ്റർ അകലവും പാലിക്കണം. സ്ഥാനാർഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ ബൂത്തിൽ സ്ഥാപിക്കാം. ബൂത്തുകൾ നിർമിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പോളിംഗ് ദിനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിലും, നഗരസഭയിൽ 100 മീറ്റർ പരിധിയിലും വോട്ട് അഭ്യർഥന പാടില്ല.
ഒബ്സർവർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ പോളിംഗ് സ്റ്റേഷനകത്ത് മൊബൈൽ ഫോണ്‍ അനുവദിക്കില്ല. പോളിംഗ് ദിനത്തിൽ രാഷ്ട്രീയകക്ഷികൾക്കോ സ്ഥാനാർഥിക്കോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുന്നതിന് വാഹനമേർപ്പെടുത്താൻ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ്
പേപ്പറിൽ തമിഴിലും പേരുണ്ടാകും
തെരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർഥികളുടെ പേര് തമിഴ് ഭാഷകളിലുമുണ്ടാവും.
ജില്ലയിൽ ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിൽ തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. ഈ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളിൽ കൂടി വിവരങ്ങൾ അച്ചടിച്ചിട്ടുണ്ടാവും.
സുരക്ഷയ്ക്കായി 4500 പോലീസ്
ഉദ്യോഗസ്ഥർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 40 ഇൻസ്പെക്ടർമാർ, 300 സബ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് തെരഞ്ഞെടുപ്പ് സുരക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ 140 പേർ അടങ്ങുന്ന ഒരു കന്പനി കേന്ദ്രസേനയെയും ജില്ലയിൽ വിന്യസിക്കും.
പ്രശ്നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിംഗ് ബൂത്തുകളിലും ഒരു അധിക പോലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളിൽ നാല് പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകൾക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികൾക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
മുനിസിപ്പാലിറ്റി തലത്തിൽ ഷൊർണൂർ സെന്റ് തെരേസാസ് കോണ്‍വന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് മുനിസിപ്പൽ ഹാൾ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ), ചിറ്റൂർ അന്പാട്ടുപാളയം തത്തമംഗലം മുനിസിപ്പൽ ഓഫീസ്, പട്ടാന്പി ഗവ. ഹൈസ്കൂൾ, ചെർപ്പുളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മെയിൻ ബ്ലോക്ക്), മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.
ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് തലത്തിൽ തൃത്താല കൂറ്റനാട് വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പട്ടാന്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കെപിടി വൊക്കേഷണൽ ഹൈസ്കൂൾ ആൻഡ് എൻഎസ്എസ് ബിഎഡ് ട്രെയിനിംഗ് കോളജ്, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെൻട്രൽ സ്കൂൾ, കുഴൽമന്ദം പെരിയപാലം സിഎ ഹയർ സെക്കൻഡറി സ്കൂൾ, ചിറ്റൂർ കൊഴിഞ്ഞാന്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലങ്കോട് ബിഎസ്എസ് എസ്എച്ച്എസ്എസ് സ്കൂൾ, നെന്മാറ എൻഎസ്എസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, ആലത്തൂർ എഎസ്എംഎം എച്ച്എസ്എസ് എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.
District News
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് (പിഎസ്എസ്പി) സംഘടിപ്പിച്ച ഏകദിന കറി പൗഡർ നിർമാണ പരിശീലനത്തിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണ്സൻ വലിയപാടത്ത് നിർവഹിച്ചു.
വീടുകളിൽനിന്ന് തുടങ്ങാവുന്ന ചെറിയ ഭക്ഷ്യവസ്തു നിർമാണ യൂണിറ്റുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ വലിയ വ്യവസായങ്ങളായി വളരുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനായി വന്നിട്ടുള്ള വനിതകർക്ക് കറി പൗഡർ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, പാക്കിംഗ് രീതികൾ, മാർക്കറ്റിംഗ് സാധ്യതകൾ എന്നിവ ടിന്റു ബിജുവിന്റെ നേതൃത്വത്തിൽ നൽകി. ജെൻഡർ ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ സംരംഭകത്വവും ആത്മവിശ്വാസവും വർധിപ്പിക്കാനാണ് പിഎസ്എസ്പിയുടെ പ്രായോഗിക പരിശീലനങ്ങൾ. പഠിതാവായ സ്റ്റിനി ബിനോയ് നന്ദി പറഞ്ഞു. ആനിമേറ്റർ അനു കെ. ജോർജ് പ്രസംഗിച്ചു.
District News
രാമശേരി: നൂറ്റന്പത് വർഷത്തെ പാരന്പര്യമുള്ള രാമശേരി ഇഡലിക്ക് ഭൗമസൂചികപദവി ലഭ്യമാക്കി ഈ പൈതൃക ഉത്പന്നത്തെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും അന്തസോടെ നിലനിർത്താൻ തയ്യാറാവണമെന്ന് രാമശേരി ഇഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
രാമശേരി ഇഡലിയുടെ സ്വാദറിയാൻ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഭക്ഷണപ്രിയരും രാമശേരിയിൽ എത്തിയിട്ടുണ്ട്.
ഇത്രയും പ്രാധാന്യമേറിയ രാമശേരി ഇഡലി തയ്യാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ആശങ്കയിലാണ്.
150 വർഷങ്ങൾ പിന്നിടുന്ന സംരംഭമായിട്ട് കൂടി സർക്കാരിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. പ്രാദേശിക സാന്പത്തിക വികസനത്തിലും വനിതാ ശാക്തീകരണത്തിലും ഉൗന്നിയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന കുടുംബശ്രീ മിഷനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും ഇതുവരെ സഹായിച്ചില്ലെന്ന് സംരംഭകർ പറഞ്ഞു.
രാമശേരി ഇഡലിയുടെ തനിമയും സാംസ്കാരിക പാരന്പര്യവും നിലനിർത്തി ഗുണമേന്മയോടെ ഉത്പാദനശേഷി കൂട്ടുക, ആധുനിക വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം സംരംഭകർക്ക് ഉറപ്പാക്കുക, വിദഗ്ധ പരിശീലനവും സാന്പത്തിക പിന്തുണയും നൽകി മികച്ച സംരംഭകരാക്കി ഉയർത്തുക തുടങ്ങി ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്.
രാമശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച സംരംഭകരുടെ പദ്ധതി ആസൂത്രണ യോഗത്തിൽ ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശേരി ശ്രീനിവാസൻ അധ്യക്ഷനായി.
സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തുരുത്തി, സർവോദയ കേന്ദ്രം ജോ. ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം ആർ. രാമദാസ്, കുടുംബശ്രീ മിഷൻ മെന്റർ പി. അശ്വതി, സി. മുരുകേശൻ, കെ.ടി. രാജേശ്വരി, വിജയകുമാരി മുത്തുകുമാർ, എൽ. സ്മിത, വി. ജാനകി, കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചയിൽ പ്രസംഗിച്ചു.
District News
കല്ലടിക്കോട്: കരിമ്പ എക്യുമെനിക്കൽ ചർച്ചസിന്റെ പുൽക്കൂട്- 2025 ഐക്യക്രിസ്മസ് ആഘോഷം 14ന് കരിമ്പ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന ദേവാലയത്തിൽ നടക്കും. കല്ലടിക്കോട്, കാഞ്ഞിക്കുളം, കരിമ്പ, തച്ചമ്പാറ, ഇരുമ്പാമുട്ടി, പാലക്കയം പ്രദേശങ്ങളിലെ പള്ളികളുടെ സംയുക്ത കൂട്ടായ്മയിലാണ് ക്രിസ്മസ് ആഘോഷം.
രൂപതാധ്യക്ഷൻ റവ.ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. ആദരം, അവാർഡ് ദാനം, ചികിത്സാസഹായ വിതരണം, വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികകൾ എന്നിവയുണ്ടാകും. ആലോചനാ യോഗം എക്യൂമെനിക്കൽ ചർച്ചസ് ചെയർമാൻ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ജനറൽ കൺവീനർ ഫാ. പൗലോസ് കിഴക്കനേടത്ത് അധ്യക്ഷനായി. ഫാ. ജോജി വടക്കേക്കര, ഫാ. അനീഷ് ചെറുപറമ്പിൽ, ഫാ. നീലേഷ് തുരുത്തുവേലി, ഫാ. വർഗീസ് ജോൺ, ഫാ. ആകാശ് കൈലാത്ത്, ഫാ. ലാലു ഓലിക്കൽ, ഫാ. ബിനു സി. വർഗീസ്, ഫാ. ജോർജ് എബ്രഹാം, ഫാ. സാമുവേൽ വർഗീസ്, തമ്പി തോമസ്, ഡോ. മാത്യു കല്ലടിക്കോട്, സജീവ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: വോട്ടർമാരെ സ്വീകരിച്ച് അന്തിമഘട്ട വോട്ടുറപ്പിക്കാൻ പോളിംഗ് ബൂത്തുകൾക്കു സമീപം രാഷ്ട്രീയപാർട്ടികൾ ഒരുക്കിയതു മനോഹര ഷെഡുകളും തോരണങ്ങളുമെല്ലാം. പല വാർഡുകളിലും ത്രികോണ മത്സരമായതിനാൽ ഓരോ മുന്നണികളും മത്സരിച്ച് അലങ്കാര പണികൾ നടത്തി വോട്ടർമാരെ ആകർഷിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
പോളിംഗ് ബൂത്തുകളിൽനിന്നും 100 മീറ്റർ മാറി മാത്രമേ ഇത്തരം വോട്ടുപിടുത്ത കൗണ്ടറുകൾ പാടുള്ളു എന്നതിനാൽ കൃത്യം 100 മീറ്ററിന്റെ അതിർത്തി വരെയുണ്ട് സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും വോട്ടഭ്യർഥനാ പോസ്റ്ററുകളും തോരണങ്ങളുമെല്ലാം.
രണ്ടുദിവസം മുമ്പുതന്നെ റോഡരികുകൾ ബുക്കുചെയ്ത് മുന്നണികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്നലേയുമായാണ് ഇത്തരം ഇരിപ്പു കേന്ദ്രങ്ങളുടെ പണികൾ പൂർത്തിയാക്കിയത്.
രാത്രി മുഴുവൻ മുന്നണി പ്രവർത്തകർക്ക് നല്ല പണിയുണ്ടായിരുന്നു. ഓരോ മുന്നണികളും വ്യത്യസ്തമായ വലിപ്പത്തിലും രൂപത്തിലുമാണ് വീടുകളിൽ കയറി സ്ലിപ്പുകൾ നൽകിയിട്ടുള്ളത്.
വോട്ടർമാർ കൊണ്ടുവരുന്ന സ്ലിപ്പുകൾ നോക്കി തങ്ങളുടെ പക്ഷം ഉറപ്പിക്കുന്ന മുന്നണി പ്രതിനിധികളും പോളിംഗ് ബൂത്തുകളിലുണ്ടാകുമെന്നതിനാൽ പലരും പേരും വാർഡും ക്രമനമ്പറും ബൂത്ത് നമ്പറുമൊക്കെ മറ്റൊരു പേപ്പറിൽ സ്വന്തമായി എഴുതി കൈയിൽ കരുതിയാണ് വോട്ടുചെയ്യാൻ പോകുന്നത്.
District News
വടക്കഞ്ചേരി: ഒരുമാസത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പു നടക്കുമ്പോൾ മൂന്നു മുന്നണികളും എന്തെന്നില്ലാത്ത പ്രതീക്ഷയിലാണ് വടക്കഞ്ചേരി മേഖലയിലെ പഞ്ചായത്തുകളിൽ പ്രകടിപ്പിക്കുന്നത്.
വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് എന്നീ അഞ്ചു പഞ്ചായത്തുകളിലും ഭരണ തുടർച്ചയല്ലാതെ മറ്റു അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നു എൽഡിഎഫ് നേതൃത്വം പറയുമ്പോൾ വിസ്മയ വിജയത്തോടെ പഞ്ചായത്തുകളിലെല്ലാം ഭരണമാറ്റം സംഭവിക്കുമെന്നു യുഡിഎഫും വിലയിരുത്തുന്നു. പ്രമുഖ മുന്നണികളെ ഞെട്ടിപ്പിച്ചുള്ള തെരഞ്ഞെടുപ്പു ഫലമുണ്ടാകുമെന്ന് ബിജെപി നേതാക്കളും ആവർത്തിക്കുന്നുണ്ട്. പാർട്ടിയിലെ പ്രമുഖരെയാണ് പഞ്ചായത്തുകളിലെല്ലാം സ്ഥാനാർഥികളാക്കിയിട്ടുള്ളത്.
ഇതുവഴി വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങളും വാർഡുകളിലുണ്ടായി. ശബരിമലയിലെ സ്വർണകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും മറ്റു രാഷ്ട്രീയമായ ഏറെ അനുകൂല ഘടകങ്ങളും ഭരണതുടർച്ച മൂലമുള്ള നാട്ടിലെ വികസനമുരടിപ്പുകളും അക്രമരാഷ്ട്രീയവും അധികാരരാഷ്ട്രീയം വഴി ജനജീവിതം ദുഃസഹമായ സ്ഥിതിയുമെല്ലാം ഭരണമാറ്റത്തിനുള്ള കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
എന്നാൽ വികസനതുടർച്ചയിൽ എല്ലാ വാർഡിലും വമ്പൻ ഭൂരിപക്ഷമാകും ഇക്കുറിയെന്നു എൽഡിഎഫ് നേതൃത്വം തിരിച്ചടിക്കുകയാണ്.
പ്രമുഖ മുന്നണികളെ ഞെട്ടിപ്പിച്ചിട്ടുള്ള ഫലപ്രഖ്യാപനങ്ങളാകും ഇക്കുറി പഞ്ചായത്തുകളിൽനിന്നും ഉയരുകയെന്ന് ബിജെപിയും വാദമുന്നയിക്കുന്നുണ്ട്. വടക്കഞ്ചേരിയിലും കിഴക്കഞ്ചേരിയിലുമായി സിപിഎമ്മിലെ മുൻപ്രമുഖരാണ് ഇക്കുറി സിപിഎമ്മിനെതിരേ യുഡിഎഫിനൊപ്പംനിന്ന് മത്സരരംഗത്തുള്ളത്.
ഇത്തരത്തിൽ സിപിഎമ്മിലെ പ്രമുഖരെല്ലാം യുഡിഎഫിനൊപ്പം നിൽക്കുന്നത് അനുകൂല ഘടകങ്ങളാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കുത്തക മണ്ഡലങ്ങളിൽ തുടരുന്ന വികസനമുരടിപ്പു തിരിച്ചറിഞ്ഞ് ജനം വോട്ടു ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാൽ ചുവപ്പു കോട്ടകൾക്ക് യാതൊരു പോറലുമേൽക്കാതെ കടുംചുവപ്പിൽ ഇക്കുറിയും തിളങ്ങി നിൽക്കുമെന്ന് എൽഡിഎഫ് പറയുന്നു. ഫലപ്രഖ്യാപനം വരെ സ്വപ്നം കാണുന്നതിൽ തെറ്റില്ലെന്നും യാഥാർഥ്യമാണ് തങ്ങൾ പറയുന്നതെന്നും എൽഡിഎഫ് നേതൃത്വം പറഞ്ഞു.
എന്നാൽ മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും തങ്ങളുടെ ശക്തി തെളിയിക്കുന്നതാകും ഈ തെരഞ്ഞെടുപ്പു ഫലമെന്നാണ് ബിജെപി നേതൃത്വം പറയുന്നു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി ശക്തമായ പ്രതിപക്ഷമാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്.
നിലവിലെ സ്ഥിതിപോലെ പ്രതിപക്ഷമില്ലാതെ ബ്ലോക്ക് പഞ്ചായത്തിൽ ഭരിക്കാൻ ഇക്കുറി എൽഡിഎഫിനാകില്ലെന്നു യുഡിഎഫ് നേതൃത്വം ഉറപ്പിച്ചു പറയുന്നു. 15 ഡിവിഷനുകളായിരുന്നത് ഇപ്പോൾ പതിനേഴായി ഉയർന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്തില കിഴക്കഞ്ചേരി , തരൂർ എന്നീ ഡിവിഷനുകളിലും മിന്നും പ്രകടനമുണ്ടാകുമെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ആത്മവിശ്വാസം.
District News
കല്ലടിക്കോട്: മലയോര മേഖലകളായ കല്ലടിക്കോട്, പാലക്കയം, കാഞ്ഞിരപ്പുഴ, തച്ചമ്പാറ എന്നിവിടങ്ങളിൽ യുഡിഎഫും, എൽഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. നിലമെച്ചപ്പെടുത്തുമെന്ന് ബിജെപിയും പറയുന്നു.
ജില്ലാ പഞ്ചായത്തിലേക്കുള്ള കാഞ്ഞിരപ്പുഴ, കോങ്ങാട്, പറളി, കാരാകുർശി എന്നീ ഡിവിഷനുകളിൽ വാശിയേറിയ പോരാട്ടമാണ്. നിലവിൽ ഈ നാലു ഡിവിഷനുകളും എൽഡിഎഫ് മുന്നണിയുടെ കൈവശമാണ്. ഇതിൽ കാഞ്ഞിരപ്പുഴയും പറളിയും കോങ്ങാടും തിരിച്ചുപിടിക്കാമെന്ന പരിപൂർണ വിശ്വാസത്തിലാണ് യുഡിഎഫ്. നിലവിൽ ഭരണം തിരിച്ചുപിടിച്ച തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഭരണം തിരിച്ചു പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും പൊരിഞ്ഞപോരാട്ടത്തിലാണ്.
കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കരിമ്പ പഞ്ചായത്തിൽ പ്രഗത്ഭരെ നിർത്തിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങിയിരിക്കുന്നത്. കൂട്ടുകെട്ടുകളും മുന്നണി ബന്ധങ്ങളും മാറിമറിഞ്ഞ കാഞ്ഞിരപ്പുഴയിൽ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.
പ്രശ്നബാധിത ബൂത്തുകൾ എട്ട്:
പോലീസ് നിരീക്ഷണം ശക്തം
മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനുകീഴിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചു. 250 പോലീസുകാരുടെ സേവനമുണ്ടാകും. 90 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
മണ്ണാർക്കാട് സ്റ്റേഷനുകീഴിൽ 193 ബൂത്താണ് 105 കെട്ടിടങ്ങളിലായുള്ളത്. പ്രശ്നബാധിത ബൂത്തുകളായി എട്ടെണ്ണമാണു കണക്കാക്കിയിട്ടുള്ളത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകാമെന്നു പ്രതീക്ഷിക്കുന്ന കാഞ്ഞിരപ്പുഴയിലെ മൂന്നുബൂത്തിലും അതീവസുരക്ഷ ഏർപ്പെടുത്തി. വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് സേനയെ വിന്യസിക്കുക. ഓരോ ഗ്രൂപ്പിലും 20 പോലീസുകാരുണ്ടാകും.
മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ്കുമാർ, എസ്എച്ച്ഒ വിപിൻ വേണുഗോപാൽ, എസ്ഐ എ.കെ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകും.
District News
മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ ശുഭപ്രതീക്ഷയിൽ മുന്നണികൾ. നഗരസഭയും ബ്ലോക്ക് പഞ്ചായത്തും അലനല്ലൂർ, തെങ്കര ജില്ല പഞ്ചായത്ത് ഡിവിഷനുകളുമെല്ലാം കഴിഞ്ഞതവണ യുഡിഎഫാണ് ഭരിച്ചത്. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തച്ചനാട്ടുകര, തച്ചമ്പാറ പഞ്ചായത്തുകളും യുഡിഎഫിനായിരുന്നു. തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ, കാരാക്കുറുശി പഞ്ചായത്തുകളാണ് എൽഡിഎഫിന് നേടാനായത്. മുസ്ലീം ലീഗിലെ വിമതശല്യം കാരണം അലനല്ലൂർ, തെങ്കര ജില്ല പഞ്ചായത്ത് ഡിവിഷനുകൾ കഴിഞ്ഞതിനു മുമ്പത്തെതവണ എൽഡിഎഫ് നേടിയിരുന്നു.
ഇതേപ്രശ്നം കാരണം കോട്ടോപ്പാടം ഗ്രാമപഞ്ചായത്തും എൽഡിഎഫ് ഭരിച്ചു. എന്നാൽ ഇത്തവണ മുസ്ലീം ലീഗിന് കാര്യമായ പ്രശ്നങ്ങളില്ലാത്തത് യുഡിഎഫിന് അനുകൂലമാകുന്ന പ്രതീക്ഷയിലാണ് നേതൃത്വം. പലയിടത്തും എൽഡിഎഫിലെ വിമതശല്യം പ്രതീക്ഷക്കു കാരണമായിട്ടുമുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ സിപിഎമ്മിനെതിരെ പത്തുഡിവിഷനുകളായി വിമതർ മത്സരിക്കുന്നുണ്ട്. ഇത് യുഡിഎഫിനു ഗുണമാകുമെന്നാണ് യുഡിഎഫ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സിപിഎമ്മിനെതിരെ വിമതർ മത്സരരംഗത്തുണ്ട്. ഇതും യുഡിഎഫിനു ഗുണമാകുമെന്നാണ് പ്രതീക്ഷ. കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ സേവ് സിപിഐ യുഡിഎഫിനൊപ്പമാണ്. ഒരു വാർഡിൽ യുഡിഎഫ് പിന്തുണയോടെ സേവ് സിപിഐ മത്സരിക്കുന്നുമുണ്ട്. ഇതും യുഡിഎഫിനാണ് ഗുണമാവുക. ചില വാർഡുകളിൽ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥികളെ ചൊല്ലി പ്രശ്നമുള്ളതൊഴിച്ചാൽ യുഡിഎഫിനകത്ത് ഇത്തവണ കാര്യമായ പ്രശ്നങ്ങളില്ല.
എന്നാൽ പി.കെ. ശശിയെ അനുകൂലിക്കുന്ന ഒരു വിഭാഗം എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരേ മത്സരരംഗത്തുള്ളത് മുന്നണിക്കു തലവേദനയായിട്ടുണ്ട്. എന്നാൽ വിമതസ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് തങ്ങളെ ബാധിക്കില്ലെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ബിജെപിയും ശക്തമായി മത്സര രംഗത്തുണ്ട്. മണ്ണാർക്കാട് നഗരസഭയിൽ മൂന്നുസീറ്റ് ബിജെപിക്ക് ലഭിച്ചിരുന്നു. ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്നാണ് നേതൃത്വം പറയുന്നത്. മറ്റ് ഗ്രാമപഞ്ചായത്തുകളിലും ബിജെപി സീറ്റ് നേടുമെന്നു നേതാക്കൾ പറഞ്ഞു.
മണ്ണാർക്കാട് മേഖലയിൽ 281 ബൂത്തുകൾ
മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി മണ്ണാർക്കാട് മേഖലയിൽ 281 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ബൂത്തിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു റിട്ടേണിംഗ് ഓഫീസറായ മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾലത്തീഫ് പറഞ്ഞു. മണ്ണാർക്കാട് മേഖലയിലെ എട്ടു പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി മത്സരിക്കുന്നത് 651 സ്ഥാനാർഥികളാണ്.
ഇതിൽ 334 പേർ പുരുഷൻമാരും 317 വനിതകളുമാണ്. മണ്ണാർക്കാട് നഗരസഭയിൽ 93 പേരാണ് മത്സരിക്കുന്നത്. തച്ചനാട്ടുകര പഞ്ചായത്തിൽ 51, അലനല്ലൂർ പഞ്ചായത്തിൽ 80, കരിമ്പ പഞ്ചായത്തിൽ 56, കോട്ടോപ്പാടം പഞ്ചായത്തിൽ 79, കുമരംപുത്തൂർ പഞ്ചായത്തിൽ 69, കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ 65, തച്ചമ്പാറ പഞ്ചായത്തിൽ 44, തെങ്കര പഞ്ചായത്തിൽ 56 എന്നിങ്ങനെയാണ് സ്ഥാനാർഥികളും മത്സരി ക്കുന്നത്.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 58 സ്ഥാനാർഥികളുണ്ട്. ഇന്നലെ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മന്ത്രിമാരുൾപ്പെടെയുള്ള മുന്നണി നേതാക്കൾ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും പ്രചാരണത്തിനെത്തിയിരുന്നു.
District News
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്, ജില്ലയിലെ 24 ലക്ഷത്തിലധികം വോട്ടർമാർ ബൂത്തിലേക്ക്. ജില്ലയിലാകെ സജ്ജമാക്കിയതു 3054 പോളിംഗ് ബൂത്തുകള്‍.
പോളിംഗ് രാവിലെ ഏഴിനാരംഭിച്ച് ആറുവരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതില്‍ 12,81,805 സ്ത്രീകളും, 11,51,562 പുരുഷന്മാരും 23 ട്രാന്‍സ്ജെന്‍ഡേഴ്സും 87 പ്രവാസികളും ഉള്‍പ്പെടുന്നു.
3054 പോളിംഗ് ബൂത്തുകളുണ്ട്. 13ന് രാവിലെ എട്ടുമുതല്‍ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.
തിരിഞ്ഞുകൊത്തുംവിഷയങ്ങൾ അനവധി,
മുന്നണികൾ പ്രാർഥനയിൽ...
പാലക്കാട്: പതിവുപോലെ ഇത്തവണയും ഒളിഞ്ഞുംതെളിഞ്ഞും അനവധി വിഷയങ്ങൾ വോട്ടർമാർക്കു മുന്നിലെത്തുന്പോൾ ഇതൊന്നും തിരിഞ്ഞുകുത്തരുതേ എന്ന പ്രാർഥനയിലാണ് മുന്നണികളും സ്ഥാനാർഥികളും.
എലപ്പുള്ളിയിലെ മദ്യശാല കമ്പനി, ശബരിമല സ്വര്‍ണകൊള്ള, കൊയ്തെടുത്ത നെല്ല് സംഭരിക്കാതെ കര്‍ഷകരെ കണ്ണീരിലാക്കിയ നടപടികള്‍, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളാണ് യുഡിഎഫ് പ്രചാരണായുധമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും പരിഷ്കരണങ്ങളുമെല്ലാം എൽഡിഎഫും ജനങ്ങളുടെ മുന്നിൽ നിരത്തി. മാറിമാറി ഭരിച്ചവരുടെ ചെയ്തികൾ തുറന്നുകാട്ടി എല്ലാം മാറുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. തമ്മിലടിയും വിമതശല്യവുമെല്ലാം എൽഡിഎഫിനു കല്ലുകടിയായിട്ടുണ്ട്.
മണ്ണാര്‍ക്കാട്, ആനക്കര, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി മേഖലകളിലെല്ലാം സിപിഎമ്മും സിപിഐയും നേര്‍ക്കുനേർ മത്സരിക്കുന്നതു അണികളെ അന്പരപ്പിലാക്കിയിട്ടുണ്ട്. ഘടകകക്ഷിയായ ഐഎന്‍എലും ചിലയിടങ്ങളില്‍ കേരള കോണ്‍ഗ്രസ്- എമ്മും ഒറ്റക്ക് മത്സരരംഗത്തുണ്ട്. വിമതശല്യമാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന മറ്റൊരു വിഷയം.
കൊഴിഞ്ഞാമ്പാറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് കമ്മിറ്റിതന്നെ പിരിച്ചുവിട്ട് സിപിഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത്. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, ശ്രീകൃഷ്ണപുരം മേഖലകളില്‍ കെടിഡിസി ചെയര്മാന് പി.കെ. ശശിയുടെ പിൻബലത്തിൽ ജനകീയ മുന്നണിയുണ്ടാക്കി സിപിഎമ്മിനെതിരേ മത്സരിക്കുന്നുണ്ട്.
സിപിഐയില്‍ സേവ് സിപിഐ രൂപീകരിച്ചവരും ജില്ലയിലുടനീളം മത്സരരംഗത്തുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന പാലക്കാട് നഗരസഭ ഇത്തവണയും കൈവിടില്ലെന്ന നിലപാടാണ് ബിജെപിക്കുള്ളത്.
ബിജെപിയിലെ പടലപ്പിണക്കവും ഉള്ളുകള്ളികളുമെല്ലാം മണ്ഡലത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. നേതാക്കൾ പരസ്യമായി കൊന്പുകോർത്തത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ വോട്ടർമാർ തങ്ങളെ കൈപിടിച്ചു കയറ്റും എന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
District News
തിരുവല്ല : തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഏഴു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30ഓടെയാണ് വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ടോടിയത്.
വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരു കിലോമീറ്ററിലധികം ദൂരം വിരണ്ടോടിയ പോത്ത് നേർക്കുനേർ വന്നവരെയും പിടിച്ചു കെട്ടാൻ ഒരുങ്ങിയവരെയും കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റവരെ തിരുവല്ലയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം അറിഞ്ഞ പുളിക്കീഴ് എസ്എച്ച്ഒ അജിത്തിന്റെനേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. 11 ഓടെ പ്രദേശത്തെ പാടശേഖരത്തിൽ ഇറങ്ങിയ പോത്ത് സമീപത്തെ കുറ്റിക്കാട്ടിൽ കയറിയെങ്കിലും ഇടയ്ക്കു പുറത്തിറങ്ങി പാടത്തു കൂടി ഓടി. ഉച്ചയ്ക്ക് ഒന്നോടെ അഗ്നി രക്ഷാസനയും പോലീസും ഉടമയും നാട്ടുകാരും ചേർന്ന് കഴുത്തിൽ കെട്ടിയിരുന്ന കയർ സമീപത്തെ മരത്തിൽ പോത്തിനെ താത്കാലികമായി പിടിച്ചുകെട്ടി. തുടർന്ന് വലിയ വടം ഉപയോഗിച്ച് കാലുകൾ ബന്ധിച്ചു.
പൂർണമായും ശാന്തനായ ശേഷം മാത്രമേ പോത്തിനെ സ്ഥലത്തുനിന്നും നീക്കം ചെയ്യൂവെന്ന് പോലീസ് പറഞ്ഞു.
District News
നഗരസഭകളിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് തിരുവല്ല നഗരസഭ മേരിഗിരി വാർഡിൽ (34) 48.96 ശതമാനം.
പുഷ്പഗിരി വാർഡിൽ 50. 69 ശതമാനം, മഞ്ഞാടി 53.26 ശതമാനമാണ് എന്നിങ്ങനെയാണ് പിന്നിലായ മറ്റു വാർഡുകൾ. ഉയർന്ന പോളിംഗ് 26 ാം വാർഡായ കിഴക്കൻമുറിയിലാണ്. 72.69 ശതമാനം.
അടൂർ നഗരസഭയിലെ 27 ാം വാർഡാണ്. 52.35 ശതമാനം മാത്രമാണ് പോളിംഗ്. 999 വോട്ടർമാരിൽ 523 പേർ മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. അടൂരിലെ കൂടിയ പോളിംഗ് വാർഡ് 12ലാണ്. 73.57 ശതമാനം. പത്തനംതിട്ട നഗരസഭയിലെ കൂടിയ പോളിംഗ് മൈലാടുംപാറ വാർഡിലാണ് (വാർഡ് 7) 76.40 ശതമാനം. തൊട്ടുപിന്നിലുള്ളത് കല്ലറക്കടവ് വാർഡിലാണ് (വാർഡ് 18) 74.03 ശതമാനം. 62.21 ശതമാനം രേഖപ്പെടുത്തിയ അഴൂർ വെസ്റ്റ് വാർഡിൽ പോളിംഗ് ശതമാനം കുറഞ്ഞു. ശാരദാമഠം വാർഡിൽ 62.70 ശതമാനം രേഖപ്പെടുത്തി.
പന്തളം നഗരസഭയിലെ മെഡിക്കൽ മിഷൻ വാർഡിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 79.71 ശതമാനം. പന്തളത്തെ ഒട്ടുമിക്ക വാർഡുകളിലും പോളിംഗ് ശതമാനം 70 നു മുകളിലാണ്.
District News
ചമ്പക്കുളം: കുട്ടനാട്ടിൽ തരിശുനിലങ്ങളുടെ അളവു വർധിക്കുന്നു. ജലസേചന, ജല നിർഗമന സൗകര്യമില്ലാത്തതിന്റെ പേരിൽ കൃഷി ചെയ്യാനാവാതെ തരിശായി മാറ്റപ്പെടുന്ന നിലങ്ങളാണധികവും.
പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും വഴികളുമാണ് ഇക്കാര്യത്തിൽ വില്ലനാകുന്നത്. ബന്ധപ്പെട്ട പാടശേഖര സമിതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി ചിന്തിച്ചാൽ സൗകര്യം ഒരുക്കി കൃഷി നടത്താൻ സാധിക്കും.
ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ഉണ്ടാവുകയും നിലവിലുള്ള തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് കേന്ദ്രീകൃത പദ്ധതികൾ ഉണ്ടാവുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം. തരിശുനില കൃഷിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പല പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും അവയെല്ലാം പണം പാഴാക്കുന്ന പദ്ധതികളായി മാറുന്ന അവസ്ഥയാണ്.
District News
മങ്കൊമ്പ്: കാവാലം കിഴക്കേചേന്നംകരിയിൽ വീടിനോടുചേർന്നുള്ള ഷെഡിൽ തുണി ഉണക്കാനിടുന്നതിനിടെ ഗൃഹാഥന്‍ ഷോക്കേറ്റു.
നീലംപേരൂർ കണ്ണന്തറ വീട്ടിൽ ജോസുകുട്ടിക്കാണ് ഷോക്കേറ്റത്. ഇതിന്റെ ആഘാതത്തിൽ തെറിച്ചുവീണതിനെത്തുടർന്ന് കൈയ്ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 11 ഓടെ കോഴിച്ചാൽ വടക്കു പാടശേഖരത്തിന്റെ പുറംബണ്ടിലുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. വീടിനു സമീപത്തെ ഷെഡിനുള്ളിൽ തുണി വിരിച്ചിടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്നു ഇടതുകൈയുടെ വിരലിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലേക്കുള്ള സർവീസ് വയറിലെ തകരാറുമൂലമാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടസാധ്യതയുയർത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ കൃഷ്ണപുരം തോടിനു കുറുകെ നാലോളം സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ കടന്നുപോകുന്നുണ്ട്. വള്ളങ്ങളും മറ്റും കടന്നുപോകുന്നതിനാൽ അപകട സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വാദം.
പഴയ കമ്പികൾ മാറ്റി പകരം ഇവിടെ കേബിളുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നത്. പ്രദേശത്തെ മിക്ക ലൈനുകളും മാറ്റി കേബിളുകൾ സ്ഥാപിച്ചെങ്കിലും അപകടസാധ്യത ഏറെയുള്ള ഇവിടെ ഇതുവരെ കേബിളുകൾ സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
ചമ്പക്കുളം: തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരനു കവിളിൽ കടിയേറ്റു.
ചമ്പക്കുളം സ്വദേശികളായ ദമ്പതികളുടെ മകനാണ് കടിയേറ്റത്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ് കുട്ടി നിൽക്കുന്നത്. വീടിനു സമീപത്തുള്ള നടുഭാഗം ഗവ. എൽപി സ്കൂൾ മുറ്റത്തുവച്ചാണ് തെരുവുനായ ആക്രമണമുണ്ടായത്. സ്കൂളിന്റെ മുറ്റത്ത് മറ്റു കുട്ടികളോടും ഇളയ സഹോദരനോടുമൊപ്പം കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മറ്റു കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നായ ഓടിപ്പോയി.
സ്കൂൾ വരാന്തയിൽ കിടന്നിരുന്ന തെരുവുനായ ഓടി വന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്താണ് നായ മാരകമായി ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന അനുജൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നായയുടെ ആക്രമണം നേരിട്ട കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതിരോധ കുത്തിവയ്പ് നൽകി.
നായയെ പിടിക്കാൻ സാധിക്കാത്തതിൽ നായക്ക് പേവിഷബാധ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
നെടുമുടി തെരുവുനായ്ക്കളുടെ
വിഹാരകേന്ദ്രം
കഴിഞ്ഞ പല മാസങ്ങളായി നിരവധിത്തവണ നെടുമുടി പ്രദേശത്തെ സ്കൂളുകളുടെ സമീപമുള്ള സ്ഥലങ്ങളിലെ തെരുവുനായ ശല്യത്തെപ്പറ്റി ദീപിക ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് അധികാരികളുടെയോ വാർഡ് പ്രതിനിധികളുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടു മാസം മുന്‍പാണ് ചമ്പക്കുളത്തെ ഒരു കച്ചവട സ്ഥാപനത്തിൽ കയറി സ്ഥാപന ഉടമയെ തെരുവുനായ ആക്രമിച്ചത്.
കടയുടമയുടെ അവസരോചിതമായ ഇടപെടൽ മൂലം നായയെ പിടിക്കാനായി. പേവിഷബാധയുള്ളതാണ് ആ തെരുവുനായയെന്ന് പിന്നീടു നടത്തിയ പരിശോധനയിൽ തെളിഞ്ഞു. കട ഉടമ ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു.
അധികാരികളുടെ
നിസംഗത
അധികാരികളുടെ നിസംഗതയാണ് തെരുവുനായകൾ ഇത്രയേറെ പെരുകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ചില ആളുകൾ തെരുവുനായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നുണ്ട്. ഇതുമൂലം ഇവ ഈ പ്രദേശത്തുനിന്നു വിട്ടുപോകുന്നില്ലെന്ന് സമീപത്തെ കച്ചവടക്കാരും പറയുന്നു. നെടുമുടി പഞ്ചായത്തിലെ എട്ടു മുതൽ പതിനൊന്നു വരെയുള്ള വാർഡുകളിൽ തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്നത് ഈ പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കിയിരിക്കുന്നു.
ഇതു മൂലം പ്രഭാത, സായാഹ്ന നടത്തങ്ങൾ പോലും പലരും ഒഴിവാക്കിയിരിക്കുകയാണ്.
District News
ആലപ്പുഴ: കോടതിപ്പാലത്തിന്റെ പുനര്‍നിര്‍മാണം 2027ല്‍ പൂര്‍ത്തിയായേക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്ബിഎഫ്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കോടതിപ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങുന്നു. നിലവില്‍ 27 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
മത്സ്യകന്യക ശില്പവും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളുമാണ് നിര്‍മാണത്തെ മന്ദഗതിയിലാക്കിയത്. നിലവില്‍ പരമാവധി വേഗത്തിലാണ് നിര്‍മാണം മുന്നോട്ടുപോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 2026 ഓഗസ്റ്റില്‍ നിര്‍മാണം പൂര്ത്തീകരിക്കാനാവുമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്. എന്നാല്‍, നിലവില്‍ 2027 മാര്ച്ചോടെയേ നിര്‍മാണം പൂര്‍ത്തിയാക്കാനാവൂ എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
നിലവില്‍ കനാലിന്റെ രണ്ടുകരയിലും ഒരേസമയമാണ് ജോലികള്‍ നടക്കുന്നത്. റാമ്പ് റോഡിന്റെയും ഫ്ളൈ ഓവറിന്റെയും ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവില്‍ റോഡ് പൂര്‍ണമായും അടച്ച അവസ്ഥയി ലാണ്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് പഴയപാലം പൂര്‍ണമായും പൊളിച്ചുനീക്കിയത്. ഏകദേശം 102 കോടി രൂപയാണ് നിര്‍മാണ ച്ചെലവ് കണക്കു കൂട്ടിയരുന്നത്. മിക്കവാറും ഈ തുകയില്‍ മാറ്റം വരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
റൗണ്ട് ടേബിള്‍ മാതൃകയിലാണ് പാലം വരിക. ഇരു കരകളിലും മൂന്നു ലൈന്‍ ഗതാഗത സൗകര്യമുണ്ടാവും. മേല്‍പ്പാലവും അടിപ്പാതയും റാമ്പും ചേര്‍ന്നതാണ് പുതിയ പാലത്തിന്റെ ഡിസൈന്‍. 5.5 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലവും റാമ്പുകളും ഉണ്ടാവും. കൂടാതെ 7.5 മീറ്റര്‍ വീതിയില്‍ അടിപ്പാതയും ഉണ്ടാവും.
ആകെ 168 പൈലിംഗുകളാണ് പാലത്തിന് ആവശം. ഇതില്‍ 91 എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടാതെ 174 ഗര്‍ഡറുകളാണ് വേണ്ടത്. ഇതില്‍ 16 എണ്ണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
District News
ചാരുംമൂട്: കമ്മീഷൻ മാത്രം ലക്ഷ്യമിട്ട് കേരളത്തെ രണ്ടായി വെട്ടിമുറിക്കാൻ തയാറാക്കിയ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയിൽനിന്നു പിന്നോട്ട് പോകുവാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനപക്ഷത്തുനിന്നു കോൺഗ്രസ് സ്വീകരിച്ച നിലപാടുകളുടെ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ദീർഘവീക്ഷണമില്ലാത്ത പദ്ധതിക്കെതിരേ കേരളത്തിൽ ആദ്യമായി ജനകീയ പ്രക്ഷോഭം ആരംഭിച്ചത് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴ നൂറനാട്ടാണ്. നൂറനാട്ട് സംഘടിപ്പിച്ച രാപ്പകൽ സമരം പിന്നീട് കേരളം ഏറ്റെടുക്കുകയായിരുന്നു.
പദ്ധതിയുടെ പേരിൽ പോലീസിനെ ഉപയോഗിച്ച് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസത്തിലൂടെ പതിനായിരക്കണക്കിന് വീടുകൾ പൊളിച്ചു മാറ്റുന്ന തരത്തിൽ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പാതയ്ക്കായി നടത്തിയ ജനവിരുദ്ധ കല്ലിടീയിൽ കേരള ജനത ഒരിക്കലും മറക്കില്ലെന്നും കല്ലിടീലിന്റെ പേരിൽ സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമടക്കമുള്ളവരുടെ നേരെ പോലീസ് നടത്തിയിട്ടുള്ള നരനായാട്ട് പൊറുക്കുവാനാവുന്നതല്ലെന്നും എംപി പറഞ്ഞൂ.
വ്യാപകമായി ജൈവവൈവിധ്യ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന പദ്ധതിയിൽനിന്നു സർക്കാർ പിന്നോട്ട് പോയ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പിനായി പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അടിയന്തരമായി പിൻവലിക്കണമെന്നും കേരളത്തിലെ വിവിധ ഇടങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളായ ജനങ്ങൾക്കു നേരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് മാപ്പു പറയണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
District News
ആലപ്പുഴ: പിച്ചു അയ്യര്‍ ജംഗ്ഷന്-വഴിച്ചേരി മാര്‍ക്കറ്റ് റോഡിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ അപകടയാത്ര. മാര്‍ക്കറ്റ് ജംഗ്ഷനില്‍നിന്ന് ജല അഥോറിറ്റിയുടെ ഓഫീസിലേക്കു തിരിയുന്നിടത്ത് റോഡിന്റെ വടക്കുഭാഗത്തായി ടാര്‍ പൊളിഞ്ഞ് വലിയ കുഴിയായി. ബാക്കിയിടത്ത് കുണ്ടും കുഴിയും നിറഞ്ഞു. പരിസരത്ത് മെറ്റല്‍ക്കഷണങ്ങള്‍ ചിതറിക്കിടക്കുകയാണ്.
റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ക്ക് അപകടം പറ്റുന്നതു സ്ഥിരമാണ്. എല്ലാദിവസവും ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീഴുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരും വളവിനടുത്തെത്തുമ്പോഴാണ് കുഴി ശ്രദ്ധിക്കുന്നത്. പെട്ടെന്ന് ബ്രേക്കുപിടിക്കുന്നതോടെ കുഴിയില്‍ വീഴുന്നതില്നിന്നു രക്ഷപ്പെടും. എന്നാല്‍, വളവിലെ മെറ്റല്ക്കഷണങ്ങളിലും പൂഴിയിലും വാഹനം കയറുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വണ്ടിമറിയുന്നതു സാധാരണയാണ്.
മഴപെയ്താല്‍ ഇവിടത്തെ ദുരിതം ഇരട്ടിയാകും. കുഴിയില്‍ വെള്ളം കെട്ടിക്കിടക്കും. സ്ഥലം പരിചയമില്ലാത്തവര്‍ക്ക് കുഴിയുടെ ആഴം മനസിലാക്കാന്‍ സാധിക്കില്ല. കുഴിയുണ്ടെന്നറിയാതെ വളവിനോടു ചേര്‍ത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അഴുക്കുവെള്ളത്തിലേക്കു മറിഞ്ഞുവീഴും.
ജില്ലാക്കോടതിപ്പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ മുതലാണ് റോഡില്‍ കുഴി രൂപപ്പെട്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് അതു വലുതാകുകയാണ്. ഇതുവഴിയാണ് എറണാകുളം ഭാഗത്തുനിന്നുവരുന്ന കെഎസ്ആര്‍ടിസി ബസുകള്ളും മറ്റു വലിയ വാഹനങ്ങളുമൊക്കെ നഗരത്തിലേക്കെത്തുന്നത്.
District News
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞു, ഇനി ചിറപ്പുത്സവത്തിലേക്ക് നഗരം. 16നാണ് ആലപ്പുഴക്കാരുടെ ചിറപ്പുത്സവത്തിന് കൊടിയേറുക. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് 16ന് ആരംഭിക്കും. കഴിഞ്ഞതവണ ഇല്ലാതിരുന്ന അലങ്കാരഗോപുരം ഇത്തവണ ഉയരും. എവിജെ ജംഗ്ഷനില്‍ ഗോപുരത്തിന് കാല്‍നാട്ടി.
കളക്ടര്‍ അലക്സ് വര്‍ഗീസാണ് കാല്‍നാട്ടു കര്‍മം നിര്‍വഹിച്ചത്. മുല്ലയ്ക്കല് ക്ഷേത്രവും തെരുവും അലങ്കരിക്കാനുള്ള ജോലികള്‍ നടന്നുവരിയാണ്. 27 വരെയാണ് പ്രസിദ്ധമായ മുല്ലയ്ക്കല് ചിറപ്പ് നടക്കുക. 19ന് കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടികയറുന്നതോടെ ചിറപ്പിന്റെ ആവേശം വാനോളമുയരും.
കിടങ്ങാംപറമ്പ് ഭൂവനേശ്വരി ക്ഷേത്രത്തിലും അലങ്കാര ഗോപുരത്തിന് കാല്‍നാട്ടി. ശ്രീനാരായണഗുരു പ്രതിമയ്ക്ക് സമീപം ഭീമ ആന്‍ഡ് ബ്രദര്‍ വകയായാണ് അലങ്കാര ഗോപുരം. വരും ദിവസങ്ങളില്‍ മുല്ലയ്ക്കല് തെരുവു കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കും. വഴിയോരക്കച്ചവടക്കാരും എത്തിത്തുടങ്ങി.
16ന് മുമ്പ് നടപ്പാലം
തുറക്കും
മുല്ലയ്ക്കല് ചിറപ്പിനു മുമ്പായി ഇരുകരകളായ മുല്ലയ്ക്കലിനെയും കിടങ്ങാംപറമ്പിനെയും ബന്ധിപ്പിക്കുന്ന താത്കാലിക നടപ്പാലം നിര്‍മിക്കും.
കോടതിപ്പാലം നിര്‍മാണത്തിന്റെ ഭാഗമായി മറുകരയിലേക്ക് പോകാന്‍ വഴി ഇല്ലാതായതോടെയാണ് താത്കാലിക പാലം നിര്‍മിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തത്. പാലമില്ലാത്തതിനാല്‍ ചിറപ്പ് കാലത്ത് കച്ചവടം കുറയുമെന്ന് കാണിച്ച് വ്യാപാരികള്‍ പലതവണ പ്രതിഷേധിച്ചിരുന്നു. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മാണത്തെ ബാധിക്കാത്ത വിധം മൂന്നു മാസത്തേക്കായിരിക്കും താത്കാലിക നടപ്പാലം സജ്ജമാക്കുക.
District News
ചേര്‍ത്തല: എഎസ്എംഐ സഭാസമൂഹത്തിന്റെ സ്ഥാപകനും കരുണാര്‍ദ്ര സ്നേഹത്തിന്റെ കാവലാള്‍ എന്നറിയപ്പെടുന്ന ദൈവദാസന് ജോസഫ് കണ്ടത്തിലച്ചന്റെ 34-ാമത് സ്മരണത്തിരുനാള് 12ന് ആചരിക്കും. ചേര്‍ത്തല മതിലകം ഗ്രീന്ഗാര്ഡന്സ്് ചാപ്പലില്‍ 12ന് രാവിലെ 10നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് മൂഞ്ഞേലി നേതൃത്വം നല്‍കും. തുടര്‍ന്ന് 11.30നു നടക്കുന്ന യോഗം മുട്ടം ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. എഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇസ്ബെല്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും.
ജോസഫ് ആന്റണി കണ്ടത്തിപ്പറമ്പില്‍ രചിച്ച ‘ദൈവദാസന് ജോസഫ് കണ്ടത്തില്‍ ഒരു സന്തത സഹചാരിയുടെ ഓര്‍മക്കുറിപ്പുകളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫാ. ജോഷി വേഴപ്പറമ്പില്‍ സിസ്റ്റര്‍ ധന്യ ഫ്രാന്‍സീസിന് നല്കി നിര്‍വഹിക്കും. ഹാര്ബിന്ഗര് ഓഫ് കമ്പാഷന്‍ എന്ന ബുള്ളറ്റിന് പ്രകാശനം ഫാ. പോള്‍ കാരാച്ചിറ നിര്‍വഹിക്കും. സജി കുര്യാക്കോസ്, സൈമണ്‍ പാലൂത്തറ എന്നിവര്‍ പ്രസംഗിക്കും. എജ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്റാ ഫ്രാന്‍സിസ് സ്വാഗതവും സിസ്റ്റര്‍ റെജീസ് മേരി നന്ദിയും പറയും.
District News
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 65.52% രേഖപ്പെടുത്തി. നഗരസഭാ പരിധിയിൽ വനിതാ വോട്ടർമാരാണ് കൂടുതലെങ്കിലും വോട്ടിംഗിൽ പങ്കെടുത്ത പുരുഷന്മാരുടെ ശതമാനം സ്ത്രീകളെക്കാൾ 1.14 ശതമാനം മുന്നിലെത്തി എന്ന കൗതുകകരമായ വസ്തുതയാണ് ഇത്തവണത്തെ ചെങ്ങന്നൂർ നഗരസഭയുടെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
നഗരസഭയിലെ 27 വാർഡുകളിലായി ആകെ 21,124 വോട്ടർമാരുള്ളതിൽ 13,841 പേർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കണക്കുകൾ പ്രകാരം:
പുരുഷന്മാർ: 9,654 പുരുഷന്മാരിൽ 6,385 പേർ (66.14 ശതമാനം) വോട്ട് ചെയ്തു.
വനിതകൾ: 11,470 വനിതകളിൽ 7,456 പേർ (65.00 ശതമാനം) മാത്രമാണ് വിധി നിർണയ പ്രക്രിയയുടെ ഭാഗമായത്.
പോളിംഗ് ശതമാനം താരതമ്യം ചെയ്യുമ്പോൾ, വനിതാ വോട്ടർമാരെക്കാൾ 1.14 ശതമാനം അധികം പുരുഷന്മാർ വോട്ട് രേഖപ്പെടുത്തി.
27 വാർഡുകളിൽ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പാണ്ഡവൻപാറ 22-ാം വാർഡിലാണ് (78.52%). ഇവിടെ ആകെയുള്ള 824 വോട്ടർമാരിൽ 647 പേർ വോട്ട് ചെയ്തു. പാണ്ഡവൻപാറയിൽ പുരുഷന്മാരിൽ 78.04 ശതമാനവും വനിതകളിൽ 78.95 ശതമാനവും വോട്ട് രേഖപ്പെടുത്തി.
അതേസമയം, ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് അങ്ങാടിക്കൽ 14-ാം വാർഡിലാണ് (54.20%). ആകെയുള്ള 845 വോട്ടർമാരിൽ 458 പേർ മാത്രമാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
അങ്ങാടിക്കൽ വാർഡിൽ 385 പുരുഷന്മാരിൽ 223 പേരും (57.92%), 460 വനിതകളിൽ 235 പേരും (51.09%) മാത്രമാണ് വോട്ടെടുപ്പിന്റെ ഭാഗമായത്.
District News
ചേര്‍ത്തല: മരിയൻ പ്രത്യക്ഷീകരണത്തിന്റെ അനുസ്മരണ ദിനത്തില്‍ കലവൂർ കൃപാസനം മരിയൻ സന്നിധാനം പൊതുജനങ്ങളുടെ വണക്ക-ആദരവുകൾക്കും വ്യക്തിഗത പ്രാർഥനയ്ക്കുമായി തുറന്നു നൽകി. വിവിധ സമയങ്ങളിൽ നടന്ന ദിവ്യബലി അർപ്പണത്തിന് ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, ഫാ. ജോസഫ് അൽഫോന്‍സ്, ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻവീട്ടിൽ എന്നിവർ കാർമികരായി.
പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണ സമയത്തെ അനുസ്മരിച്ച് നടന്ന മരിയൻ ഉടമ്പടി ദിവ്യകാരുണ്യ ആരാധനയ്ക്കു കൃപാസനം സ്ഥാപക ഡയറക്ടർ റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ നേതൃത്വം നൽകി. രണ്ടു ലക്ഷത്തോളം പേർ തീർഥാടനത്തിൽ പങ്കുചേർന്നു.
തീർഥാടകർക്കായി നേർച്ചഭക്ഷണം ഒരുക്കിയിരുന്നു. സ്പിരിച്വൽ അനിമേറ്റർ ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ജനറൽ മാനേജർ സണ്ണി പരുത്തിയിൽ, വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, ഫിനാൻസ് മാനേജർ ജോസഫ് അരൂർ, മീഡിയ സെക്രട്ടറി സിസ്റ്റര്‍ ജോമോൾ ജോസഫ് ഒസിവി, പിആർഒ എഡ്വേർഡ് തുറവൂർ, കൃപാസാനം സെക്രട്ടറി ടി.എസ്. പീറ്റർ, കൾച്ചറൽ സെക്രട്ടറി ജോസി കണ്ടക്കടവ്, വോളണ്ടിയേഴ്സ് ക്യാപ്റ്റൻ റോബർട്ട് കണ്ണൻചിറ, ജോഷി തങ്കി, ഷാജി കണ്ടനാട്, ഔസേഫ് തയ്യിൽ, സേവ്യർ പോളശേരി, തങ്കച്ചൻ, വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
District News
ആലപ്പുഴ: പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബണ്ണി ബറോയുടെ പ്രവർത്തനം സിസ്റ്റർ ഗീതാ സാംസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റൂബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ മായബായി ഹിന്ദുസ്ഥാൻ സ് കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ കെ. ശിവകുമാർ ജഗ്ഗു, കെ.പി. വിക്രമൻ, ജാസ്മിൻ ജോർജ്, സുജിത സെബാസ്റ്റ്യൻ, ദിവ്യ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
District News
ചേന്നങ്കരി: മനുഷ്യാവകാശദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ ചേന്നങ്കരി ദേവമാതാ ഹൈസ്കൂളിൽ വിദ്യാർഥി പിരമിഡ് ഒരുക്കി. വിദ്യാലയ അങ്കണത്തിൽ മനുഷ്യാവകാശ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനവും നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി മാനേജർ ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ ചൊല്ലിയ മനുഷ്യാവകാശ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഹെഡ്മാസ്റ്റർ ജോസഫ് ചാക്കോ, സ്മിത രാജേഷ്, യോഹന്നാൻ തരകൻ, ദീപാ ജോസഫ്, തോമസ് പോൾ, റോബിൻ കുര്യൻ, ജസ്റ്റിൻ ജോസഫ്, സോജൻ ചാക്കോ, സിസ്റ്റർ ടെയ്സി, സിസ്റ്റർ ജുബീറ്റ എന്നിവർ പ്രസംഗിച്ചു.
District News
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭയിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 27 വാർഡുകളിലായി ആകെ 65.52 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വിവിധ വാർഡുകളിലെ പോളിംഗ് ശതമാനത്തിൽ വലിയ വ്യത്യാസം കാണപ്പെട്ടു.
നഗരസഭയിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 78.52 ശതമാനം വോട്ട് രേഖപ്പെടുത്തിയ 22-ാം വാർഡ് പാണ്ഡവൻപാറയിലാണ്. 73.29 ശതമാനം പോളിംഗോടെ 9-ാം വാർഡ് ഇടനാട് ഈസ്റ്റ് രണ്ടാമതെത്തി.
ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് 54.2 ശതമാനം വോട്ട് രേഖപ്പെടുത്തിയ 14-ാം വാർഡ് അങ്ങാടിക്കലിലാണ്. 12-ാം വാർഡ് പുത്തൻകാവ് വെസ്റ്റ് (58.77 ശതമാനം), 10-ാം വാർഡ് പുത്തൻകാവ് ഈസ്റ്റ് (58.85 ശതമാനം) എന്നിവയാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ മറ്റ് വാർഡുകൾ.
വാർഡ് തിരിച്ചുള്ള
പോളിംഗ് ശതമാനം
വാർഡ് ഒന്ന് മുണ്ടൻകാവ് 61.68 ശതമാനം, രണ്ട് കോടിയാട്ടുകര 69.72 ശതമാനം, മൂന്ന് ടെമ്പിൾ വാർഡ് 69.93, നാല് മിത്രപ്പുഴ 63.92, അഞ്ച് വാഴാർ മംഗലം 66.83, ആറ് മംഗലം സൗത്ത് 68.67, ഏഴ് മംഗലം നോർത്ത് 69. 35, എട്ട് ഇടനാട് വെസ്റ്റ് 68. 42, ഒൻപത് ഇടനാട് ഈസ്റ്റ് 73.29 , പത്ത് പുത്തൻകാവ് ഈസ്റ്റ് 58.85, 11 ആറാട്ട് കടവ് 65.56, 12 പുത്തൻകാവ് വെസ്റ്റ് 58.77,13 ശാസ്താം കുളങ്ങര 64.23, 14 അങ്ങാടിക്കൽ 54.2, 15 മലയിൽ 66.59, 16 ഐറ്റിഐ 71.38, 17 കോളജ് 65.01, 18 അങ്ങാടിക്കൽ സൗത്ത് 69.95, 19 ഹാച്ചറി 65.36, 20 മൂലപ്പടവ് 69.14, 21 തിട്ടമേൽ 59.22, 22 പാണ്ഡവൻപാറ 78.52, 23 ബഥേൽ 61.71, 24 ടൗൺ 61.02, 25 റെയിൽവേ സ്റ്റേഷൻ 60.14, 26 വണ്ടി മല 69.17, 27 വലിയ പള്ളി 65.95.
District News
തുറവൂർ: മേഖലയിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. രാപകൽ വ്യത്യാസമില്ലാതെ റോഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. ഇവ റോഡിലിറങ്ങി ബൈക്ക് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിക്കുകയും ചെയ്യുന്നു.
തുറവൂർ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ട്രെയിനുകളിൽ വന്ന് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.
റെയിൽവേ പ്ലാറ്റ്ഫോമിലും തെരുവുനായ്ക്കളുടെ വിഹാരമാണ്. തുറവൂർ കവല, വളമംഗലം, കാവിൽ, പട്ടണക്കാട് അന്ധകാരനഴി പൊനാംവെളി, പള്ളിത്തോട്, ടിഡി, ചാവടി, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്തു പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.
തീരദേശ റോഡിൽ നായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണ ഭീഷണിമൂലം മത്സ്യത്തൊഴിലാളികൾക്ക് പുലർച്ചെ മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
നിരവധി പരാതികൾ നൽകിയിട്ടും പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകൾ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി തെരുവുനായ്ക്കളെ നിയന്ത്രിക്കാനള്ള നടപടിയുണ്ടാകണമെന്ന ആവശ്യമുയരുന്നു.
District News
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഹെൽപ്പ് ഡസ്ക് തുറന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. മികച്ച ചികിത്സയോടൊപ്പം രോഗികൾക്ക് മികച്ച സേവനാനുഭവം നൽകുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് ഹെൽപ്പ് ഡസ്കിൽ നിയമിച്ചിരിക്കുന്നത്.
പിആർഒ, എസ്ടി പ്രമോട്ടർ എന്നിവരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭിക്കുന്നതാണ്. ആശുപത്രിയിലെത്തുന്ന വയോജനങ്ങൾക്കും സ്ത്രീകൾക്കും ചികിത്സാവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. കൂടാതെ ആരോഗ്യ ഇൻഷ്വറൻസുമായി ബന്ധപ്പെട്ട (ഹെൽത്ത് കാർഡ്, മെഡിസെപ്, ആരോഗ്യകിരണം തുടങ്ങിയ) എല്ലാ വിവരങ്ങളും ഇവിടെനിന്നു ലഭിക്കുന്നതാണ്. മെഡിക്കൽ കോളജ് സുപ്രണ്ട് ഡേ. എ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
District News
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറും. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, പ്രസുദേന്തി പി.ടി. ആന്റണി പുളിക്കൽ കുന്നുംപുറം, ടോമി ആന്റണി എന്നിവർ പറഞ്ഞു.
തിരുനാൾ ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് അഞ്ചിന് ദിവ്യബലി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് കാർമികത്വം വഹിക്കും. തുടർന്ന് വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ തിരുനാൾ കൊടിയേറ്റും. 13 ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 4.45ന് രൂപം വെഞ്ചരിപ്പ്. തുടർന്ന് പാട്ടുകുർബാന. ഫാ. സനു പുതുശേരി, റവ.ഡോ. ഐസക് ചക്കാലപ്പറമ്പിൽ എന്നിവർ കാർമികനാകും.
ഫാ. ലിജോയ് വടക്കുംഞ്ചേരി സന്ദേശം നൽകും. തുടർന്ന് പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ 14ന് രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, പത്തിന് തിരുനാൾ പാട്ടുകുർബാന. എറണാകുളം-അങ്കമാലി അതിരുപത വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തി കാർമികത്വം വഹിക്കും. ഫാ. സിറിൽ പാലയ്ക്കൽ വചനസന്ദേശം നൽകും. ഉച്ചയ്ക്ക് മുന്നിന് ദിവ്യബലി, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ കാർമികനാകും. തുടർന്ന് പട്ടണപ്രദക്ഷിണം.
District News
ആലപ്പുഴ: ദേശീയപാതയ്ക്കുവേണ്ടി അടക്കം ജലാശയങ്ങളില്‍ ഡ്രഡ്ജിംഗ് നടത്തുന്നതു പാരിസ്ഥിതിക പ്രശ്നം സൃഷിടിക്കുമെന്ന് വിദഗ്ധര്‍. ഡ്രഡ്ജിംഗ് വഴി കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവരും. ഇത് പരിസ്ഥിതിക്കു വലിയ നാശം വരുത്തുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഇത് ആഗോള താപനത്തിനു സാധ്യത വര്ധിപ്പിക്കമെന്നാണ് വിദഗ്ധരുടെ നിലപാട്. വേമ്പനാട് കായല്‍ ഉള്‍പ്പെടെ ഖനനം നടക്കുന്ന ജലാശയങ്ങളുടെ അടിത്തട്ടില്‍ കാര്‍ബണ്‍ കൂടുതലായി അടങ്ങിയ എക്കലാണുള്ളത്. ഡ്രഡ്ജിംഗ് നടത്തുമ്പോള്‍ ഈ എക്കല്‍ വെള്ളവും വായുവുമായി കലരുകയും ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുകയും ചെയ്യും.
വേമ്പനാട്ടു കായലില്‍ നടത്തിയ പഠനപ്രകാരം ഒരു ഹെക്ടര്‍ പ്രദേശത്ത് 86 ടണ്‍ വരെ എക്കലുണ്ടെന്നു വ്യക്തമായെന്നു കുട്ടനാട് രാജ്യാന്തര കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. എക്കലില്‍ 3% മുതല്‍ 10% വരെ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉപയോഗിക്കുമ്പോള്‍ ജലാശയങ്ങളുടെ അടിത്തട്ട് കലക്കിയാണു മണ്ണെടുക്കുന്നത്. കലങ്ങി പുറത്തേക്കു വരുന്ന കാര്‍ബണ്‍ അന്തരീക്ഷ വായുവുമായി കലരുന്നതോടെ കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുകയാണ് ചെയ്യുന്നത്.
സ്വാഭാവികരീതിയില്‍ ഈ കാര്‍ബണ്‍ പുറത്തേക്കു വരാതെയും വാതകങ്ങളായി മാറാതെയും സംരക്ഷിക്കുന്നവയാണു ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും. കായലില്‍ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും അതു കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രഡ്ജിംഗ് സൃഷ്ടിക്കുന്നത്. കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേര്‍ന്നു കട്ട കുത്തിയെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2033 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വേമ്പനാട്ടുകായലിലെ കാര്‍ബണ്‍ ശേഖരത്തിന്റെ മൂല്യം (ബ്ലൂ കാര്‍ബണ്‍ ഇക്കോണമി) 300 കോടി രൂപയ്ക്കു മുകളിലാണെന്നാണു കണക്കാക്കിയിട്ടുള്ളത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ഒഴിവാക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന ക്യോട്ടോ ഉടമ്പടി എന്നറിയപ്പെടുന്ന രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായാണു കാര്‍ബണ്‍ ശേഖരിക്കുന്നതിനു മൂല്യം ഏര്‍പ്പെടുത്തി തുടങ്ങിയത്.
മത്സ്യസമ്പത്തിനെയും ബാധിക്കുന്നു
ദേശീയപാതയ്ക്കായി കായലുകളില്‍നിന്നു മണ്ണ് എടുക്കുന്നതു മത്സ്യസമ്പത്തിനെയും സാരമായി ബാധിക്കുന്നു. വേമ്പനാട്ടു കായലില്‍ പുന്നമട ഭാഗത്തു മണ്ണെടുക്കല്‍ ആരംഭിച്ച ശേഷം പ്രദേശത്തു കരിമീൻ ഉള്‍പ്പെടെയുള്ള മീനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ജില്ലയില്‍ വേമ്പനാട്ടു കായലില്‍ പുന്നമടയിലും കായംകുളം കനാലിലുമാണു ഡ്രഡ്ജിംഗ് നടക്കുന്നത്.
കായല്‍ വെള്ളത്തിലെ മലിനീകരണത്തിനൊപ്പം ഡ്രഡ്ജിംഗ് കാരണം എക്കലും ചെളിയും കൂടി കലങ്ങിയതോടെ മീനുകള്‍ക്കു ജീവിക്കാനാകാത്ത സ്ഥിതിയായെന്നു കുട്ടനാട് രാജ്യാന്തര കായല്‍കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. കായലിന്റെ അടിത്തട്ടില്‍ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന കരിമീന്‍, കൊഞ്ച്, കക്ക തുടങ്ങിയവയുടെ നിലനില്‍പ്പിനെ ഖനനം സാരമായി ബാധിക്കും.
ഖനനത്തില്‍ അടിത്തട്ട് ഇളകുന്നതോടെ മീന്‍കുഞ്ഞുങ്ങള്‍ ചാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കായലിലെ മത്സ്യസമ്പത്ത് കൂട്ടാനായി മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ഉള്‍പ്പെടെ നടത്തുമ്പോഴാണു ഖനനം മീനുകളെ കൊല്ലുന്നത്. കായലില്‍ ആഴവും ശേഷിയും കൂട്ടുമെന്നു പറഞ്ഞെങ്കിലും കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണു ഡ്രഡ്ജിംഗ് സൃഷ്ടിക്കുന്നത്.
ആഴം കൂട്ടാനായി കായലിന്റെ അടിത്തട്ട് കലക്കി മണ്ണ് എടുക്കുന്നതിനു പകരം എക്കലും മണ്ണും ചേര്‍ന്നു കട്ട കുത്തിയെടുക്കുകയാണ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീന്‍ ലഭ്യത കുറയുന്നത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചടയായി. മീന്‍കുഞ്ഞുങ്ങള്‍ ഇല്ലാതാകുന്നത് അടുത്ത വര്‍ഷങ്ങളിലും മീന്‍ ലഭ്യത കുറയാന്‍ ഇടയാക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ബാധിക്കും.
District News
അറക്കുളം: മൂലമറ്റം കോട്ടമല റോഡിന്റെ ഭാഗമായി അറക്കുളം അശോകക്കവലയില്‍ ആരംഭിച്ച കലുങ്ക് നിര്‍മാണം നിലച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജോലി തടസപ്പെടുത്തിയതിനാലാണ് നിര്‍മാണപ്രവൃത്തികള്‍ നിലച്ചത്. അശോക കവലയില്‍നിന്നു മൂലമറ്റം കെഎസ്ആര്‍ടിസി ജംഗ്ഷന് വരെ ബിഎംബിസി നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് അശോക കവലയില്‍ പഴയ കലുങ്ക് പൊളിച്ച് നിര്‍മാണ ജോലി ആരംഭിച്ചത്.
പൊതുമരാമത്ത് വകുപ്പില്‍നിന്ന് 6.85 കോടി രൂപ അനുവദിച്ചായിരുന്നു റോഡ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കോട്ടമല റോഡിന്റെ അവസാന ഭാഗത്തെ മണ്‍റോഡ് ടാറിംഗ് പൂര്‍ത്തിയാക്കുന്നതോടെ ഈവഴി പൂര്‍ണമായും ഗതാഗതയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം.
കലുങ്കിന് അടിയിലൂടെ വെള്ളമൊഴുകിയിരുന്നു. ഈ ഭാഗത്തെ നിര്‍മാണപ്രവൃത്തികള്‍ വെള്ളം വറ്റിച്ച് ചെയ്തില്ലെന്ന പരാതിയുമായാണ് ചിലര്‍ രംഗത്തെത്തിയത്. ബലം കൂടിയ കമ്പികള്‍ ഉപയോഗിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. സമരത്തെത്തുടര്‍ന്നു പ്രവൃത്തിയില്‍ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് കരാറുകാരന് ജോലി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിഡബ്ല്യുഡിയുടെ നിബന്ധനയനുസരിച്ചുള്ള കമ്പി ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെന്ന് എന്‍ജിനിയര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ ഇക്കാര്യം അംഗീകരിച്ചില്ല.
സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ ഒരുഭാഗം പൊളിച്ചാണ് നിര്‍മാണം ആരംഭിച്ചിരുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുവശം പൊളിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു പിഡബ്ല്യുഡിയുടെ ലക്ഷ്യം.
80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയശേഷം കരാറുകാരന് മടങ്ങുകയായിരുന്നു. നേരത്തേ മൂന്നുപ്രാവശ്യം ടെന്‍ഡര്‍ വിളിച്ചിട്ടും ആരും കരാര്‍ ഏറ്റെടുത്തിരുന്നില്ല. നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെഇവിടെ അപകട സാധ്യതയേറിയിരിക്കുകയാണ്. നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മൂലമറ്റം: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് മണ്‍തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തി. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കുമളിയില്‍നിന്ന് വാഗമണ്‍ വഴി തൊടുപുഴയ്ക്കു വന്ന ബസ് പുള്ളിക്കാനം ഡിസി കോളേജിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇവിടെ ഒരാള്‍ കൈകാണിച്ചതിനെത്തുടര്ന്നു ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മുന്നോട്ടുപോയാല്‍ വലിയ വളവും കൊക്കയുമുള്ളതിനാല് ഡ്രൈവര്‍ ബസ് തിട്ടയില്‍ ഇടിപ്പിച്ചുനിര്‍ത്തി വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.
ബസ് തിട്ടയിലിടിച്ചതിനെത്തുടര്ന്നു നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. ഒരാള്‍ കോട്ടയത്തു ചികിത്സയിലാണ്. മറ്റുള്ളവരെ മൂലമറ്റം ബിഷപ് വയലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. മൂലമറ്റം- വാഗമണ്‍- കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ കാലപ്പഴക്കം വന്നവയാണെന്ന് ആക്ഷേപമുണ്ട്. കൊടുംവളവുകളും കുത്തനെകയറ്റവും ഇറക്കവുമുള്ള കൊക്ക നിറഞ്ഞ പ്രദേശത്തുകൂടി കാലപ്പഴക്കം ചെന്ന ബസ് സര്‍വീസ് നടത്തുന്നത് ഒഴിവാക്കണമെന്നും പുതിയ ബസുകള്‍ ഇവിടേക്ക് അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സര്‍വീസ് നടത്തുന്നത്
കണ്ടംചെയ്യാറായ ബസുകള്‍
വാഗമണ്‍, കുമളി, ഇടുക്കി റൂട്ടുകളില്‍ ഓടുന്ന ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും കാലപഴക്കം ചെന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 15 വര്‍ഷം കഴിഞ്ഞതും ഉപേക്ഷിക്കേണ്ടതുമായ ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനകാര്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ് കൂടുതല്‍ യാത്രക്കാരും. ഇതു വഴി ബസുകള്‍ കുറവായതിനാല്‍ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്.
നിരവധി തവണ ബസുകള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ബസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ മെല്ലപ്പോക്ക് തുടരുകയാണ്. കാലപഴക്കം ചെന്ന ബസുകള്‍ നീക്കി പുതിയ ബസുകള്‍ ഈ റൂട്ടില്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
District News
ചെറുതോണി : ഒന്‍പതു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് അഞ്ചു വർഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ ( പോക്സോ ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് ഇടുക്കി ഗാന്ധിനഗർ കോളനി നിവാസി ഗിരീഷിനെ ശിക്ഷിച്ചത്.
2024 ഓണാവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടി അവധിക്കു വീട്ടിൽ വന്നപ്പോൾ പ്രതിയുടെ മകളുടെ കൂടെ കളിക്കാൻ ഇയാളുടെ വീട്ടിൽ ചെന്നസമയമാണ് അതിക്രമം ഉണ്ടായത്. കേസിന്റെ വിചാരണവേളയിൽ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരേ മൊഴി നൽകിയതും കേസിൽ നിർണായകമായി.
പിഴ ഒടുക്കാത്ത പക്ഷം പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണം. പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു കോടതി നിർദേശിച്ചു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.
District News
തൊടുപുഴ: ശാന്തിഗിരി കോളജിലെ അനിമേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ആര്‍ട്ട് എക്സിബിഷന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് ജോണ്‍ സിഎംഐ ഉദ്ഘാടനം ചെയ്തു.
തൊടുപുഴയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍, അനിമേഷന്‍ വിദ്യാര്‍ഥികളുടെ ഡ്രോയിംഗ്സുകള്, ക്രാഫ്റ്റ് വര്‍ക്കുകള്‍, എഐ അനിമേഷന്‍ ഫിലിമുകള്‍, കൂടാതെ അവതാര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന സെറ്റ് വര്‍ക്കുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. കലയുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ സംഘടിപ്പിച്ച എക്സിബിഷന് നവ്യാനുഭവമായി മാറി.
District News
തൊടുപുഴ: ഉടുമ്പന്നൂര്‍-മണിയാറന്‍കുടി റോഡ് നിര്‍മാണം നിയമക്കുരുക്കില്പ്പെടുമോയെന്ന് ആശങ്ക. കോതമംഗലം, കോട്ടയം ഫോറസ്റ്റ് ഡിവിഷനുകളിലെ നഗരംപാറ, വേളൂര്‍ റിസര്‍വ് വനത്തിലൂടെയുള്ള റോഡ് നിര്‍മാണം 1980-ലെ കേന്ദ്ര വനനിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ച് പരിസ്ഥിതി സംഘടനയായ അനക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ പരാതിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഇതിനു പിന്നാലെ റോഡ് നിര്‍മാണത്തിന് അനുമതി നല്കിയ അഞ്ചു വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വക്കീല്‍ നോട്ടീസും അയച്ചു.
18.29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു മീറ്റര്‍ വീതിയുള്ളതാണ് റോഡ്. ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ധാരാളമുള്ള പ്രദേശമാണിതെന്ന് അഡ്വ. ടി. എസ്. സന്തോഷ് അയച്ച നോട്ടീസില്‍ പറയുന്നു. റോഡ് നിര്‍മിക്കുന്നത് വന്യജീവി സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകുമെന്നും 1980-ല്‍ കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ കൂപ്പ് റോഡ് മാത്രമായിരുന്നു. മെറ്റലോ ടാറോ ചെയ്തിരുന്നില്ലെന്നും വനം വകുപ്പ് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും നോട്ടിസില്‍ പറയുന്നു.
District News
ചെറുതോണി: നേപ്പാളിൽ നടന്ന 13-ാമത് കൊറിയൻ അംബാസിഡർ ഇന്റർ നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പാരാവിഭാഗത്തിൽ തായ്ക്വോണ്ട മത്സരത്തിൽ കഞ്ഞിക്കുഴി സ്വദേശി പ്രമോദ് ദാസിന് വെള്ളിമെഡൽ.
കഞ്ഞിക്കുഴി പള്ളിക്കുന്ന് സ്വദേശി ദാസിന്റെയും ചിന്നമ്മയുടെയും മൂന്നാമത്തെ മകനായ പ്രമോദ് ജന്മനാ ഇടതു കൈ ഇല്ലാത്തതും വലതു കൈ ശോഷിച്ചയാളുമാണ്. ഇതെല്ലാം അതിജീവിച്ചാണ് ഈ യുവാവ് നേട്ടങ്ങൾ വാരിക്കൂട്ടുന്നത്. ഫുട്ബോളിലും മാരത്തണിലും ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയതുകൂടാതെ ഒന്‍പതു ലോക റിക്കാർഡുകളുടെ ഉടമകൂടിയാണ് പ്രമോദ്.
കഞ്ഞികുഴി എസ്എൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ സ്പോർട്സ് രംഗത്ത് സജീവമാണ്.
എണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിവേഴ്സിറ്റി ഫുട്ബോൾ താരമായാണ് തുടക്കം.
ഏഷ്യയിലെ ആദ്യ ഫിഫ ലൈസൻസ് സർട്ടിഫിക്കറ്റ് കോച്ച് എന്ന ബഹുമതിക്കും അർഹനായി. വെൺമണി സ്വദേശി എലിസബത്താണ് ഭാര്യ. ചെറുതോണി യൂണിവേഴ്സൽ അക്കാദമിയിലെ പോൾ ജോർജാണ് അംഗപരിമിതനായ പ്രമോദിന്റെ പരിശീലകൻ.
District News
കട്ടപ്പന: സംയുക്ത ക്രിസ്മസ് ആഘോഷം 14ന് വൈകുന്നേരം 4.30ന് കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചെയര്മാന് റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പാ അറിയിച്ചു.
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, വൈഎംസിഎ, വിവിധ ക്രൈസ്തവ സഭകള്‍, പ്രസ് ക്ലബ് കട്ടപ്പന, എച്ച്സിഎന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍, ലയണ്‍സ് ക്ലബ് ഓഫ് കട്ടന കാര്‍ഡമം വാലി, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷനാകും. യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മോര് പീലക്സിനോസ് ക്രിസ്മസ് സന്ദേശം നല്‍കും.
കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്ത്, ഇടുക്കി രൂപത വികാരി ജനറല്‍ ഫാ. ഏബ്രഹാം പുറയാറ്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, വെള്ളയാംകുടി ബഥേല്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. ജിതിന് വര്‍ഗീസ്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സാജോ ജോഷ്യാ മാത്യു. കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളി വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, കട്ടപ്പന ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ഷിജു വട്ടംപുറത്ത്, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു ചാക്കോ വാലുപറമ്പില്‍ തുടങ്ങിയവർ പ്രസംഗിക്കും.
District News
കട്ടപ്പന: ദൈവത്തിന്റെ സമയം രക്ഷയുടെ സമയമാണ്, ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച രക്ഷയുടെ സമയം. ആ സമയത്തിന്റെ 2025 -ാം വർഷമാണ് മഹാജുബിലിയായി ആഘോഷിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. കട്ടപ്പന സെന്റ് ജോർജ് ഫെറോന ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്വൻഷൻ ‘കൃപാഭിഷേകം - 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ 14 വരെ വൈകുന്നേരം നാലുമുതൽ രാത്രി ഒന്പതുവരെ കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിലാണ് കൃപാഭിഷേകം ബൈബിൾ കണ്വൻഷൻ നടക്കുന്നത്. ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിക്കുന്ന ക്രിസ്മസിനു മുന്നോടിയായി നടത്തുന്ന ബൈബിൾ കണ്‍വൻഷനിൽ വിവിധ ഇടവകകളിൽനിന്നായി പതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കും.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്വൻഷന് നേതൃത്വം നൽകുന്നത്. ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു കല്ലറയ്ക്കൽ, ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, ഫാ. ജോം പാറയ്ക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികരായി ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് രൂപതാധ്യക്ഷൻ അൾത്താരയിൽ ബൈബിൾ പ്രതിഷ്ഠിച്ചു തിരിതെളിച്ചു കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഫാ. ഡൊമിനിക് വാളന്മനാൽ വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും വിടുതൽ ശുശ്രുഷയും നടത്തി.
കണ്‍വൻഷന്റെ രണ്ടാം ദിനമായ ഇന്നു വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യ കർമികനും ഫാ. ജേക്കബ് പീടികയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
നാളെ വൈകുന്നേരം 4.30ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് മുഖ്യ കാർമികനും ഫാ. സഖറിയാസ് കുമ്മണ്ണുപറന്പിൽ, ഫാ. ജോസ്മോൻ കൊച്ചുപുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
നാലാം നാൾ വൈകുന്നേരം 4.30ന് കട്ടപ്പന ഫൊ റോന വികാരി ഫാ. ജോസ് മംഗലത്തിൽ മുഖ്യകാ ർമികനും ഫാ. ആന്റണി പാലാപുളിക്കൽ, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
കണ്വൻഷൻ ദിവസങ്ങളിൽ കുന്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
District News
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വ്യാപാരോത്സവ് 15മുതൽ മാർച്ച് 31 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളുടെ ഉത്സവം കൈനിറയെ സമ്മാനം എന്നതാണ് വ്യാപാരോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളിൽനിന്നു നിശ്ചിത തുകയ്ക്ക് ഉത്പന്നങ്ങൾ വാങ്ങുവന്നവർക്ക് അതാതു കടകൾ പ്രത്യേക സമ്മാനങ്ങൾ നൽകും. ഇതിനു പുറമേ ബംപർ സമ്മാനമായി ഇന്നോവ ക്രിസ്റ്റ കാറും രണ്ടാം സമ്മാനമായി അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും ഓരോ മാരുതി ആൾട്ടോ കാറും നൽകും.
പ്രതിമാസ നറുക്കെടുപ്പുകളിൽ ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയും ദ്വൈവാര നറുക്കെടുപ്പുകളിൽ മിക്സി, പ്രഷർകുക്കർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയും സമ്മാനമായി വിതരണം ചെയ്യും. ഇന്നു തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ ചേരുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈംപിള്ളിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് പൊതുയോഗത്തിന്റെ ഉദ്ഘാടനവും കുടുംബസുരക്ഷാനിധിയുടെ വിതരണവും നിർവഹിക്കും. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് വിഷയാവതരണം നടത്തും. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു വ്യാപാരോത്സവം ഉദ്ഘാടനം ചെയ്യും. ട്രേഡേഴ്സ് വെൽഫയർ സൊസൈറ്റി ചെയർമാൻ ഡയസ് ജോസ്, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, ആർ. രമേശ് എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈംപിള്ളിൽ, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, വ്യാപാരോത്സവ് ചെയർമാൻ കെ.ആർ. വിനോദ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ എന്നിവർ പങ്കെടുത്തു.
District News
ചെറുതോണി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ ഭൂമിയാംകുളം മേഖലയിൽ 500 രൂപയുടെ വ്യാജ പതിപ്പ് കണ്ടെത്തി. ഭൂമിയാംകുളം - സെമിനാരിപ്പടി - തടിയമ്പാട് റോഡിൽ കളഞ്ഞുപോയ നിലയിൽ കിട്ടിയത് 18,500 രൂപയുടെ വ്യാജനോട്ടുകൾ.
500 രൂപയുടെ ഈ നോട്ടുകൾ ഒറ്റനോട്ടത്തിൽ ആരെയും അബദ്ധത്തിലാക്കും. നോട്ടിന്റെ മുകൾഭാഗത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നുള്ളതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് എന്ന് എഴുതിയിട്ടുണ്ട്. ഇത് ശ്രദ്ധിച്ചു നോക്കുന്നവർക്കു മാത്രമേ വ്യാജനെ തിരിച്ചറിയാനാവൂ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിലാരോ വോട്ടിന് നോട്ട് നൽകാൻ കൊണ്ടുവന്ന വ്യാജനാണോ ഇതെന്ന് ജനങ്ങൾ സംശയിക്കുന്നു. പ്രായമായവരെ വ്യാജനോട്ട് നൽകി കബളിച്ച് വോട്ട് നേടാനുള്ള തന്ത്രമായിരുന്നോയെന്നും സംശയിക്കുന്നു.
സംഭവത്തെത്തുടർന്ന് ഈ മേഖലയിൽ 500 രൂപയുടെ നോട്ടുകൾ ഏറെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. തമാശയ്ക്കാണെങ്കിൽ പോലും ഇത്തരം വ്യാജ നോട്ടുകൾ തയാറാക്കുന്ന ഉറവിടം കണ്ടെത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി നടന്ന വോട്ടെടുപ്പിൽ 76.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
12743 വോട്ടർമാരിൽ 9704 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. വാർഡ് ഒന്ന് - കൊച്ചുമുല്ലക്കാനം:1099 - 801(72.88), രണ്ട് - മുല്ലക്കാനം:1043 -783(75.07), മൂന്ന് - പുന്നസിറ്റി: 724-515 (71.13), നാല് - രാജാക്കാട്: 828-576(69.56), അഞ്ച് - കനകക്കുന്ന്:1061-789(74.36), ആറ് - എൻ.ആർ സിറ്റി:861 - 630 (73.17), ഏഴ് - വാക്കാസിറ്റി: 957 -743(77.63), എട്ട് - അടിവാരം: 746 -582(78.01), ഒന്‍പത് - പഴയവിടുതി: 966-755 (78.15), പത്ത് - കുരിശുംപടി: 962 - 749(77.85),11- ചെരുപുറം:1006 -825(82),12- കള്ളിമാലി: 946-767(81.07),13 - ഉണ്ടമല: 746-567(76),14- പന്നിയാർകൂട്ടി: 798-622 (77.94).
രാജകുമാരിയിൽ
74.55 ശതമാനം
രാജകുമാരി: പതിനാല് വാർഡുകളുള്ള രാജകുമാരി ഗ്രാമപഞ്ചായത്തിൽ 74.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 14329 വോട്ടർമാരിൽ 10683 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ബ്രാക്കറ്റിൽ ശതമാനം വാർഡ് 1 - പുതകിൽ: 959 - 704 (73.41), 2 കുംഭപ്പാറ: 979 - 731 (74.67), 3. കജനാപ്പാറ: 769- 557(72.43), 4. അരമനപ്പാറ: 745 -500(67.11), 5. ബി ഡിവിഷൻ: 943 -778(82.5), 6. മഞ്ഞക്കുഴി: 955 - 727(76.13),7 പുതയൽപ്പാറ:1151-884(76.8), 8 മുരിക്കുംതൊട്ടി:1142-864(75.66),9 കുളപ്പാറച്ചാൽ:1321 -975(73.81),10. പന്നിയാർ: 936-704 (75.21),11. രാജകുമാരി നോർത്ത്:1290-960 (74.42),12. രാജകുമാരി സൗത്ത്: 832-571(68.63),13. നടുമറ്റം: 1186 - 926 (78.08),14. രാജകുമാരി വെസ്റ്റ്:1121-802(71.54).
District News
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരാന്‍ രണ്ടുനാള്‍ ശേഷിക്കേ വിജയപ്രതീക്ഷയോടെ മുന്നണികളും സ്ഥാനാര്‍ഥികളും. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനത്തിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. വാര്‍ഡ് പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പലയിടത്തും ഫലം പ്രവചനാതീതമാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണ തന്ത്രങ്ങള്‍ ഫലപ്രദമായി നടന്ന ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പരമ്പരാഗത പ്രചാരണ തന്ത്രങ്ങള്‍ക്കു പകരം നവീന പ്രചാരണരീതികള്‍ സ്വീകരിച്ചത് പ്രായമായ വോട്ടര്‍മാര്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് സംശയം ബാക്കി നില്‍ക്കുകയാണ്.
ഓരോ ബുത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടലും കിഴിക്കലുമാണ് ഇതുവരെ നടന്നത്. പലയിടത്തും പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫും എല്‍ഡിഎഫും പങ്കുവയ്ക്കുന്നത്.
എന്നാല്‍, യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റം തെരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ചിന്തയും മുന്നണികളുടെ മുന്നിലുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഭരണം എല്ഡിഎഫിനായിരുന്നെങ്കില് ഇത്തവണ അതു തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്. ജില്ലാ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എന്‍ഡിഎയും പങ്കുവയ്ക്കുന്നു.
തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ യുഡിഎഫിന് നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഇതു തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫും പറയുന്നു. കൂടുതല്‍ സീറ്റുകള്‍ നേടി നഗരസഭകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ഇത്തവണയും സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസം എല്‍ഡിഎഫ് പ്രകടിപ്പിക്കുമ്പോള്‍ വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
എന്‍ഡിഎ ആകട്ടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമെന്നും ഏതാനും പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. സംസ്ഥാന, ദേശീയ വിഷയങ്ങളൊന്നും കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ഥിയുടെ മികവിലും ഊന്നിയായിരുന്നു മൂന്നു മുന്നണികളുടേയും പ്രചാരണം.
ആള്‍ക്കൂട്ടം കുറഞ്ഞു
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നുമുന്നണികളുടെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്ത പൊതുയോഗങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കുറവായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുടുംബസമ്മേളനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും വഴി പ്രചാരണം ഊര്‍ജിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഭവനസന്ദര്ശനങ്ങള്ക്കും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവായതും ശ്രദ്ധിക്കപ്പെട്ടു. പലയിടങ്ങളിലും കൂലിക്ക് ആളുകളെ നിയോഗിച്ചാണ് ഫ്ളക്സുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം പരിമിതമായിരുന്നു. ചിലയിടങ്ങളിലെങ്കിലും ബൂത്തുകളില്‍ ഇരിക്കാന്‍ ആളില്ലാത്ത സ്ഥിതിയുമുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ ബന്ധുക്കളായ ആളുകളെയാണ് ബൂത്തിലുൾപ്പെടെ നിയോഗിച്ചത്.
ബിസിനസ് മേഖലയിലെ പ്രതിസന്ധികളും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ വീടുകളിലെത്തി പോളിംഗിന് എത്തിക്കുന്നതിനായിരുന്നു സ്ഥാനാര്‍ഥികളും മറ്റും കിണഞ്ഞു ശ്രമിച്ചത്. ഇതുമൂലം പോളിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞു.
യുഡിഎഫ് നേടും: സി.പി. മാത്യു
തൊടുപുഴ: യുഡിഎഫ് ജില്ലയില്‍ മികച്ചവിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കും. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. യുവജനങ്ങള്‍ വിദേശത്തേക്ക് പഠനത്തിനും ജോലിക്കും മറ്റും പോയതാണ് വോട്ടിംഗ് ശതമാനത്തില്‍ ചിലയിടങ്ങളിലെങ്കിലും കുറവ് വരാന്‍ കാരണം.
എല്‍ഡിഎഫിന് വന്‍മുന്നേറ്റം:
സി.വി. വര്‍ഗീസ്
തൊടുപുഴ:: ഇടുക്കിയില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മുന്നേറ്റം എല്ഡിഎഫിനുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തും. എട്ടില്‍ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം നേടും. കട്ടപ്പന, തൊടുപുഴ നഗരസഭകളില്‍ ഭരണം തിരിച്ചുപിടിക്കും. കൂടുതല്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തും.
District News
ബോണ്‍ നത്താലേ സീസണ് - 5ല്‍ അണിനിരക്കുന്നത്
5000 ക്രിസ്മസ് പപ്പാമാര്‍
കോട്ടയം: കോട്ടയം ഇന്നു പപ്പാ നഗരമാകും. ഒന്നും രണ്ടുമല്ല ആയിരക്കണക്കിനു ക്രിസ്മസ് പപ്പമാര്‍ നഗരത്തിനു ക്രിസ്മസ് വിരുന്നായിയെത്തും. കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ക്രിസ്മസ് പപ്പാ വിളംബര റാലി (ബോണ്‍ നത്താലേ സീസണ്-5) ഇന്നു നടക്കും. ഈ വര്‍ഷം 5000 പപ്പാമാരാണ് റാലിയില്‍ അണിചേരുന്നത്.
വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെന്‍ട്രല്‍ ജംഗ്ഷന്, കെകെ റോഡ് വഴി മാമ്മന്‍ മാപ്പിള ഹാളില്‍ എത്തിച്ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പാലാ ചാവറ പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. സാബു കൂടപ്പാട്ട്, കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. ജയിംസ് കുന്നത്ത്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, ബിസിഎം കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്, ഗിരിദീപം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. സൈജു കുര്യന് ഒഐസി, ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.പി.കെ. റോയി എസ്എഫ്എസ്, കടുത്തുരുത്തി എസ്കെപിഎസ് പ്രിന്‍സിപ്പല്‍ ഫാ. അജീഷ് കാഞ്ഞിരക്കാട്ട്, എസ്എച്ച് മൗണ്ട് എസ്എച്ച് പബ്ലിക് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. റെജി ജോര്‍ജ് ഒഎസ്എച്ച്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
പാലാ ചാവറ പബ്ലിക് സ്കൂള്‍, കെഇ സ്കൂൾ, ബിസിഎം കോളജ്, മുണ്ടക്കയം എംഎംടി നഴ്സിംഗ് കോളജ്, ചെത്തിപ്പുഴ നഴ്സിംഗ് കോളജ്, കാരിത്താസ് നഴ്സിംഗ് കോളജ്, മേരി മൗണ്ട് പബ്ലിക് സ്കൂള്‍, കോട്ടയം എസ്എച്ച് നഴ്സിംഗ് കോളജ് എന്നിവര്‍ ക്രിസ്മസ് ദൃശ്യാവിഷ്കാരങ്ങള്‍ ഒരുക്കുമെന്ന് കോട്ടയം സിറ്റിസണ്‍ ഫോറം പ്രസിഡന്റ് റവ.ഡോ. ബിനു കുന്നത്ത് അറിയിച്ചു.
District News
കോട്ടയം: ഒരു മാസമായി വോട്ടുതേടിയുള്ള നെട്ടോട്ടത്തിനൊടുവില്‍ അവസാന വോട്ടും മെഷീനില്‍ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീര്‍ഘ നിശ്വാസമായിരുന്നു സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കുടുംബയോഗങ്ങള്‍ നടത്തിയും സോഷ്യല്‍ മീഡിയാ വഴിയും കാടിളക്കിയുള്ള പ്രചാരണമായിരുന്നു എല്ലാവരും നടത്തിയത്. പ്രചാരണത്തിനു ഫലമുണ്ടായോ എന്നറിയാന്‍ രണ്ടുനാള്‍ കൂടി കഴിയണം.
ജോലിയും ബിസിനസും ഒക്കെ ഉപേക്ഷിച്ചാണ് പല സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങിയത്. ഇന്നലെ മുതല്‍ പലരും തൊഴിലിടങ്ങളില്‍ സജീവമായി. വോട്ടര്‍മാര്‍ക്ക് ഫോണില്‍ കൂടിയും സോഷ്യല്‍ മീഡിയാ വഴിയും നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു മിക്കരും. വാര്‍ഡുകളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും കൊടികളും തോരണങ്ങളും ഒക്കെ അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ചിലര്‍. ചിലര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണുന്നതിനും യാത്ര പോകുന്നതിനും സമയം കണ്ടെത്തി.
ചിലര്‍ പ്രാര്ഥനാലയങ്ങള് സന്ദര്‍ശിച്ചു. ചിലരാകട്ടെ വീട്ടില്‍ വിശ്രമിക്കാനാണ് സമയം ചെലവഴിച്ചത്. ബന്ധുവീടുകളിലും അയല്‍വീടുകളിലും സന്ദര്‍ശനം നടത്തിയും പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടിന്റെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഇന്നലത്തെ പകല്‍ സ്ഥാനാര്‍ഥികള്‍ കഴിച്ചുകൂട്ടി.
District News
വന്‍ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ്
കഴിഞ്ഞ തവണത്തെ വിജയം തുടരുമെന്ന് എല്‍ഡിഎഫ്
10 പഞ്ചായത്തില്‍ ഭരണവും ജില്ലാ പഞ്ചായത്തില്‍ പ്രാതിനിധ്യവും നേടുമെന്ന് ബിജെപി
കോട്ടയം: വോട്ടുകള്‍ പെട്ടിയിലായതോടെ മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കൂട്ടലും കിഴിക്കലുമായി വിജയപ്രതീക്ഷയിലാണ്. കാര്യമായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടില്ലെന്നാണ് മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലെങ്കിലും പലയിടത്തും ആശങ്കയുമുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനം നടത്തി. പ്രാദേശികമായും അവലോകനങ്ങള്‍ നടത്തി.
ജില്ലയില്‍ യുഡിഎഫിന് വലിയ തിരിച്ചുവരവുണ്ടാകുമെന്ന് ജില്ലാ നേതൃത്വം അവകാശപ്പെടുന്നു. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം പഞ്ചായത്തുകളിലും യുഡിഎഫ് ഭരണത്തിലെത്തും. എല്‍ഡിഎഫിന്റെ പല പഞ്ചായത്തുകളും ഇത്തവണ തിരിച്ചുപിടിക്കും.
പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി പഞ്ചായത്തുകള്‍ ഇത്തവണ യുഡിഎഫ് ഭരിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് ഭരണം ലഭിച്ചതെങ്കില്‍ ഇത്തവണ മൂന്നുമുതല്‍ ആറുവരെ ബ്ലോക്കുകളില്‍ ഭരണത്തിലെത്താമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തില്‍ കേവലഭൂരിപക്ഷം ഉറപ്പാണ്. കുറവിലങ്ങാട്, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കങ്ങഴ, എരുമേലി, മുണ്ടക്കയം സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. നഗരസഭകളില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞതവണ നഷ്ടപ്പെട്ട പാലായില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കുമെന്നുള്ള കണക്കുകളാണ് താഴെത്തട്ടില്‍നിന്നും ലഭിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫാകട്ടെ കഴിഞ്ഞ തവണത്തെ വിജയം തുടരുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും യുഡിഎഫ് പ്രചാരണങ്ങളെ പ്രതിരോധിക്കാനായെന്നുമാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ജില്ലാ പഞ്ചായത്തില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കാം. അതിരമ്പുഴ, കുറിച്ചി സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് കുറവിലങ്ങാട്, എരുമേലി സീറ്റുകളില്‍ ചെറിയ ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. അമ്പതിനു മുകളില്‍ പഞ്ചായത്തുകളിൽ ഭരണം ലഭിക്കും.
ചില പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടാലും പുതിയവ ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മുത്തോലി, രാമപുരം പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കുമ്പോള്‍ മാഞ്ഞൂര്‍, മാടപ്പള്ളി പഞ്ചായത്തുകളില്‍ പ്രതീക്ഷയില്ല. മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, കൂരോപ്പട, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും സിപിഎം വിലയിരുത്തി. ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട്ടിലും ശക്തമായ പോരാട്ടമാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്ല.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഈരാറ്റുപേട്ട ഒഴികെയുള്ള ബ്ലോക്കുകളില്‍ ഭരണം ലഭിക്കും. നഗരസഭകളില്‍ പാലായ്ക്കു പുറമേ കോട്ടയവും ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും വൈക്കത്തും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ഫലം പ്രവചനാതീതമാണ്. ഈരാറ്റുപേട്ടയില്‍ ഭരണം ലഭിക്കില്ലെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
പത്തിലധികം പഞ്ചായത്തുകളില്‍ ഭരണം നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം പഞ്ചായത്തിലും ബിജെപിക്ക് അംഗങ്ങളുണ്ടാകും. നഗരസഭകളില്‍ കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണായകമായിരിക്കും. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.